ട്വൻ്റി 20 പ്രവർത്തകനെ സിപിഎം നേതാവ് മുളക് പൊടി എറിഞ്ഞു മർദിച്ചതായി പരാതി

കൊച്ചി: കുന്നത്തുനാട് തിരുവാണിയൂരിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകനെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സിപിഎമ്മിൽ നിന്ന് രാജിവെച്ച് ട്വൻ്റി ട്വൻ്റിയിൽ ചേർന്ന കെ കെ ജോസിനെ മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി ആർ പ്രകാശിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ട്വൻ്റി ട്വൻ്റി അറിയിച്ചു.

പരിക്കേറ്റ കെ കെ ജോസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം വിട്ട് ട്വൻ്റി ട്വൻ്റിയിൽ പ്രവർത്തിച്ചതിൻ്റെ വൈരാഗ്യമാണ് മുളകുപൊടിയെറിഞ് മർദ്ദിക്കാൻ കാരണമെന്ന് കെ കെ ജോസ് പറഞ്ഞു. എന്നാൽ ട്വൻ്റി ട്വൻ്റിയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സിപിഎം പ്രദേശിക നേതൃത്വം പ്രതികരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സായുധ സേനയെ വിന്യസിച്ചു.