24.7 C
Kottayam
Friday, May 17, 2024

ക്ലാസ് മുറിയില്‍ മദ്യപിച്ച് നൃത്തം; അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കി

Must read

ഹൈദരാബാദ്: ക്ലാസ് മുറിയില്‍ മദ്യപിച്ച് നൃത്തം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി സ്‌കൂള്‍ അധികൃതര്‍. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. ക്ലാസ് മുറിയില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.

പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവാണ് മദ്യം വാങ്ങാന്‍ പണം നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയ സമയത്താണ് മദ്യം കഴിച്ച ശേഷം കുട്ടികള്‍ ക്ലാസ് മുറിയില്‍ നൃത്തം ചെയ്തത്. ഇതു ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു രണ്ട് മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. ഇവരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം മറ്റ് കുട്ടികള്‍ക്ക് ദുര്‍മാതൃക നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. മറ്റ് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് ടിസി നല്‍കിയതെന്ന് പ്രിന്‍സിപ്പാള്‍ സക്രു നായിക് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് കുട്ടികളുടെ അവകാശ സംഘടനയായ ദിവ്യ ദിശ ചൈല്‍ഡ്ലൈന്‍ രംഗത്തെത്തി.

അച്ചടക്ക നടപടി അതിരുകടന്നതും സ്വീകാര്യവുമല്ലെന്നാണ് ദിവ്യ ദിശ ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ ഇസിദോര്‍ ഫിലിപ്സ് പറഞ്ഞത്. വിദ്യാര്‍ത്ഥികളെ പുറത്താക്കി സ്‌കൂളിന് കൈ കഴുകാനാകില്ലെന്നും, സ്‌കൂളിനുള്ളില്‍ ചില തിരുത്തല്‍ നടപടികള്‍ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week