തിരുവനന്തപുരം: തവനൂരില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ ഫിറോസിനെ മത്സരിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വത്തിന് നേരത്തെ സന്നദ്ധതയറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഫിറോസിനെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെടുന്നത്.
തവനൂരില്‍ ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജലീല്‍ ആണെന്ന് ഉറപ്പായതോടെയാണ് ഫിറോസിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് യു.ഡി.എഫ്. നീക്കം. വളരെ നേരത്തെ തന്നെ ജലീലിനെതിരെ മത്സരിക്കന്‍ തയ്യാറാണെന്ന് ഫിറോസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിറോസിനെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തില്‍ ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂര്‍. 2011-ല്‍ 6,854 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ജലീല്‍ 2016-ല്‍ നേടിയത് 17,064 വോട്ടുകളുടെ ഭൂരിപക്ഷമണ്. 2011-ല്‍ ഇപ്പോഴത്തെ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശും 2016-ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദീനുമാണ് ജലീലിനോട് പരാജയപ്പെട്ടത്. അതിനാല്‍തന്നെ ഇത്തവണ മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളിലാണ് കോണ്‍ഗ്രസ്.
അതേസമയം എറണാകുളം നിയോജക മണ്ഡലത്തിലെ സീറ്റു വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. രണ്ടാം തവണയാണ് ഷാജി ജോര്‍ജിനെ പേര് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടും എറണാകുളം ജില്ലാ നേതൃത്വം തള്ളിക്കളയുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ആയിട്ടുള്ള യേശുദാസ് പറപ്പള്ളി ആണ് ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്.
ഷാജി ജോര്‍ജിനെക്കാള്‍ വിജയ സാധ്യത കൂടുതല്‍ യേശുദാസ് പറപ്പള്ളിക്കാണെന്നാണ് ജില്ലാ നേതൃത്വത്തിന് വിലയിരുത്തല്‍. യേശുദാസ് പറപ്പള്ളിയെ നിര്‍ത്തിയാല്‍ വലിയ മത്സരം എറണാകുളം മണ്ഡലത്തില്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ജില്ലാ നേതൃത്വത്തിനുണ്ട്.
അതേസമയം പാര്‍ട്ടിക്ക് സ്വാധീനമുള്ള പെരുമ്പാവൂര്‍ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടു നല്‍കുന്നതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആയിട്ടുള്ള എന്‍ സി മോഹനനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ഇന്നലെയും ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ഡോക്ടര്‍ ജേക്കബും, ആലുവയില്‍ ഷില്‍ല നിഷാദും വൈപ്പിനില്‍ കെ ഉണ്ണികൃഷ്ണനും, കുന്നത്തുനാട്ടില്‍ അഡ്വക്കേറ്റ് ശ്രീനിജനും പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ ആണ്.