30 C
Kottayam
Friday, May 17, 2024

ഏറ്റുമാനൂര്‍ ജനിച്ചുവളര്‍ന്ന നാട്,ഇനി ഒരു സീറ്റും പാര്‍ട്ടിയോടാവശ്യപ്പെടില്ല,വൈകാരികമായി പ്രതികരിച്ച് ലതികാ സുഭാഷ്‌

Must read

കോട്ടയം:ഏറ്റുമാനൂർ സീറ്റ് വിഷയത്തിൽ വൈകാരികമായി പ്രതികരിച്ച് ലതികാ സുഭാഷ്. സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഏറ്റുമാനൂരിൽ തന്റെ പേര് ഉൾപ്പെടുത്തിയിരുന്നതായും ലതിക പറഞ്ഞു. ജനിച്ചു വളർന്ന നാടാണ് ഇതെന്നും ഇനി ഒരു സീറ്റും നേതൃത്വത്തോട് ആവശ്യപ്പെടില്ലെന്നും ലതിക വ്യക്തമാക്കി.

എന്റെ കുറവുകളും കുറ്റങ്ങളും തിരിച്ചറിയുന്ന നാട്ടിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ സന്തോഷമായിരുന്നു. എനിക്കെല്ലാം എന്റെ പാർട്ടിയാണ്. ഇനി പാർട്ടി നേതാക്കൾ തീരുമാനിക്കട്ടെ. ഇതിൽ കൂടുതൽ തനിക്കൊന്നും പറയാനില്ലെന്ന് ലതിക പറയുന്നു.

20 ശതമാനം സീറ്റ് വനിതകൾക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു. രണ്ട് സീറ്റാണ് കോട്ടയത്ത് വനിതകൾക്ക് വേണ്ടി ആവശ്യപ്പെട്ടത് ഏറ്റുമാനൂരിൽ തന്റെ പേരും വൈക്കത്ത് ഡോ പി ആർ സോനയുടേയും പേരാണ് നൽകിയത്. പരിണിത പ്രജ്ഞരായ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മിടുക്കരായ പ്രവർത്തകരുടെ പട്ടികയാണ് കൈമാറിയതെന്ന് ലതിക സുഭാഷ് പറയുന്നു.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെ അനുനയിപ്പിക്കാൻ വേണ്ടിയാണ് ഏറ്റുമാനൂര്‍ സീറ്റ് കോൺഗ്രസ് വിട്ട് നല്‍കിയത്. ഇത് കോട്ടയത്തെ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂര്‍ വിട്ട് കൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ലതികാ സുഭാഷാണ് ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി. ചെറിയ തോതില്‍ അവര്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.

ഏറ്റുമാനൂരില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും കെ സി ജോസഫ് അവിടെ പിടിമുറുക്കിയതോടെ ആ സാധ്യത അടഞ്ഞിരിക്കുകയാണ്.

ഏറ്റുമാനൂര്‍ വിട്ടു കൊടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രഖ്യാപനം വന്നാല്‍ ശക്തമായ നിസഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകർ. അതേസമയം മണ്ഡലത്തിലെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിൻസ് ലൂക്കോസ് പ്രചാരണം തുടങ്ങി കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week