കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്‌കാരം നടത്തി.
ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം.
ചാത്തമംഗലം പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രം ഏര്‍പ്പെടുത്തി. 8,10,12 എന്നീ വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു.
മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കും.
രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യപ്രവര്‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.
നിപ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.