KeralaNews

നിപ വൈറസ് രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍; അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. എങ്ങനെയാണ് ഈ വൈറസ് പകരുന്നത്, എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ എന്ന് പരിശോധിക്കാം.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

രോഗം വന്നതിന് ശേഷമുള്ള ചികിത്സ ഫലപ്രദമല്ല, പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വവ്വാലുകള്‍ കടിച്ച ചാമ്പക്ക , പേരയ്ക്ക മാങ്ങ തുടങ്ങിയ കായ് ഫലങ്ങള്‍ ഒഴിവാക്കുക.

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

സോപ്പ്,ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ എപ്പോഴും ശുചിയായി വയ്ക്കുക.

രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക ന്മ രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക

രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.

സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക

രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക

നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.

അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker