28.4 C
Kottayam
Friday, May 3, 2024

ജെസ്ന വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നു’; സിബിഐ അന്വേഷിക്കണമെന്ന് പിതാവ്

Must read

തിരുവനന്തപുരം:പത്തനംതിട്ടയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മരിയ ജെയിംസ് വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സിജെഎം കോടതിയിൽ അധിക സത്യവാങ്മൂലം നൽകി.

ജെസ്നയ്ക്ക് കോളജ് യാത്രയ്ക്കും മറ്റു ചെലവുകൾക്കും ദിവസേന പിതാവും മാതാവും പണം നൽകിയിരുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല. സഹോദരി അവിചാരിതമായി കണ്ട ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.

ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജെസ്നയുടെ 3 പഴ്സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് കൊണ്ടുപോയി. സിബിഐ അന്തിമ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല. ജെസ്ന പിതാവിന്റെ ആൻഡ്രോയിഡ് ഫോണിൽനിന്ന് ചില പരിചയക്കാരെ വിളിച്ചിരുന്നു. പിന്നീട് ഈ നമ്പരുകൾ ഡിലീറ്റ് ചെയ്തു. ഈ നമ്പരുകൾ വീണ്ടെടുക്കണം. 

ചില മേഖലകളിൽ സിബിഐ അന്വേഷണം നടത്തിയില്ല. ലോട്ടറി വിൽപ്പനക്കാരൻ ജെസ്നയെ കണ്ടതായി പറഞ്ഞെങ്കിലും സിബിഐ ചോദ്യം ചെയ്തില്ല. ജെസ്നയുടെ സുഹൃത്തുക്കളെയും മുറിയിൽ കൂടെ താമസിച്ചവരെയും കൃത്യമായി ചോദ്യം ചെയ്തിരുന്നെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമായിരുന്നു. ആറുമാസം കൂടി സിബിഐ ഈ കേസ് അന്വേഷിക്കണമെന്നും കുടുംബം പരാതിയായി ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും അധിക സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week