മകന്റെ കാമുകിയെ ബലമായി താലികെട്ടി ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ മകന്റെ പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍
ചെന്നൈ: മകന്റെ കാമുകിയുടെ കഴുത്തില്‍ ബലമായി താലികെട്ടിയ ശേഷം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ് മകന്റെ പരാതിയില്‍ പോലീസ് പിടികൂടിയത്. മകന്‍ മുകേഷ് കണ്ണന്റെ കാമുകിയെയാണ് നിത്യാനന്ദം പീഡിപ്പിച്ചത്.
20കാരിയായ മുകേഷിന്റെ കാമുകിയെ രണ്ട് ദിവസം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പലവട്ടം യുവതിയുമായുള്ള മുകേഷിന്റെ ബന്ധം നിത്യാനന്ദം വിലക്കിയിരുന്നു. യുവതിയും മുകേഷും ഐഐടിയില്‍ ഒന്നിച്ച് പഠിച്ചവരാണ്. ചെന്നൈയില്‍ ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലിയും ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിക്കാന്‍ എന്ന പേരില്‍ നിത്യാനന്ദം യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് ആരും അറിയാതെ രണ്ട് ദിവസം യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡനം തുടര്‍ന്നു. പിന്നീട് സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് യുവതിയെ നിത്യാനന്ദം മാറ്റി. ഇതിനിടെ സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.