തടിച്ച ചുണ്ടുകളും നീരുവന്ന മുഖവും;ട്രോൾ സഹിക്കാതായപ്പോൾ ഇൻസ്റ്റഗ്രാം ഡീആക്ടിവേറ്റ് ചെയ്ത് നടി
മുംബൈ:ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു ആയിഷ ടാക്കിയ. ശാദി സെ പെഹ്‌ലെ, ക്യാ ലൗ സ്റ്റോറി ഹേ, ദില്‍ മാംഗെ മോര്‍, താര്‍സന്‍, സോചാ ന ദാ, സണ്‍ഡേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം നായികയായി തിളങ്ങി. ഏറെക്കാലമായി ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയാണ് താരം.
ഇതിനിടയില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന്റെ ആകൃതിയില്‍ നടി മാറ്റം വരുത്തിയിരുന്നു. തടിച്ച ചുണ്ടുകളും നീരുവന്ന് വീര്‍ത്ത മുഖവുമായി കണ്ടാല്‍ തിരിച്ചറിയാനാകാത്തവിധം താരം മാറിയിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു.
ഇപ്പോഴിതാ വീണ്ടും ട്രോളുകളുടെ ഇരയായിരിക്കുകയാണ് നടി. അടുത്തിടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ആയിഷയുടെ ലുക്കിനെ എല്ലാവരും വിമര്‍ശിച്ച് കമന്റ് ചെയ്തു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.
തന്റെ മുഖമല്ലാതെ രാജ്യത്ത് മറ്റൊന്നും ചര്‍ച്ച ചെയ്യാന്‍ ഇല്ലേ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചത്. സിനിമയിലേക്ക് മടങ്ങിവരാന്‍ താത്പര്യമില്ലെന്നും ഇപ്പോഴത്തെ ജീവിതം സന്തോഷകരമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 15 വര്‍ഷം മുമ്പുള്ളതുപോലെ ഇപ്പോഴും കാണാന്‍ സുന്ദരിയായിരിക്കണമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചതോടെ നടിയെ പരിഹസിച്ച് വീണ്ടും ആളുകള്‍ രംഗത്തെത്തി. ഇതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റാക്കിയ നടി കുറച്ച് മണിക്കൂറുകള്‍ക്കുശേഷം വീണ്ടും ആക്ടിവേറ്റ് ആക്കുകയായിരുന്നു. നാല് ദിവസം മുമ്പ് നീല പട്ടുസാരിയുടുത്ത് വലിയ ചോക്കര്‍ അണിഞ്ഞുള്ള ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയാണ് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് അതിര് കടന്നതോടെയാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പുറത്തുപോയത്.
2009-ല്‍, 23-ാം വയസിലാണ് ആയിഷയുടെ വിവാഹം കഴിഞ്ഞത്. റസ്റ്ററന്റ് മാനേജറും കാമുകനുമായിരുന്ന ഫര്‍ഹാന്‍ ആസ്മിയാണ് ഭര്‍ത്താവ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അബൂ അസ്മിയുടെ മകനാണ് ഫര്‍ഹാന്‍. ഇരുവര്‍ക്കും 11 വയസുള്ള മിഖായേല്‍ എന്നൊരു മകനുണ്ട്.