‘ഓഡിഷന് നടി വന്നിരുന്നു, മോശമായി പെരുമാറിയിട്ടില്ല‘; ആരോപണം നിഷേധിച്ച് രഞ്ജിത്ത്
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.
‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു.
‘പത്തിരുപത്തിനാല് കൊല്ലമായി കൊൽക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിർദേശിക്കുന്നത്. അന്ന് ഞാൻ കൊച്ചിയിൽ ഉള്ള സമയത്ത് ഇവർ എന്നെ വിളിച്ചു. താൻ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാൻ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാൻ കാര്യം പറഞ്ഞില്ല.
ഞാനും ഉത്തരവാദി എന്ന നിലയിൽ അവർ എന്നോടും തട്ടിക്കയറി. സിഗരറ്റ് വലിക്കുന്ന സ്ത്രീ അവെെലബിൾ ആണെന്നാണ് മലയാളി പുരുഷന്മാർ വിചാരിക്കുന്നതെന്ന് അവർ പറഞ്ഞു. അന്ന് വിശദാംശങ്ങൾ എന്നോട് പറഞ്ഞു. പിന്നീട് അവർ ഫ്ലാറ്റിലേയ്ക്ക് പോയി. ഫാദർ അഗസ്റ്റ്യൻ വട്ടോളി, എഴുത്തുകാരി കെ.ആർ മീര എന്നിവർക്ക് 12 വർഷം മുൻപ് ഇക്കാര്യം അറിയാം‘, ജോഷി ജോസഫ് പറഞ്ഞു.