ബംഗളൂരു: കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്‍ഷകന്‍. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂര്‍ എന്ന കര്‍ഷകനാണ് പെണ്‍മക്കളുടെ സഹായത്താല്‍ നിലമുഴുതത്.
കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാടകയ്ക്കെടുക്കാനുള്ള പണം കല്ലപ്പയുടെ കൈവശമുണ്ടായിരുന്നില്ല. അസുഖങ്ങളെത്തുടര്‍ന്ന് അടുത്തിടെ ശസ്ത്രകിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് നിലമുഴാനും ജാവൂറിന് ആയില്ല. ഒടുവില്‍ വിദ്യാര്‍ഥിനികളായ മേഘയും സാക്ഷിയും അച്ഛന്റെ സങ്കടം കണ്ടാണ് നിലമുഴാന്‍ സഹായിക്കാന്‍ തീരുമാനിച്ചത്.
ഒരാഴ്ചയോളം നീണ്ട പ്രയത്നത്തിലൂടെയാണ് മൂവരും ചേര്‍ന്ന് നിലമുഴുതത്. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ വിദ്യാര്‍ഥിനിയാണ് മൂത്തമകളായ മേഘ. സാക്ഷി പത്താം തരം വിദ്യാര്‍ഥിയും. കാളകള്‍ക്കുപകരം കലപ്പ വലിക്കുന്ന പെണ്‍മക്കളുടെയും കല്ലപ്പ ജാവൂരിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാകണമെന്ന് ഒട്ടേറെപ്പേര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. കോവിഡ് സാഹചര്യത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയാത്തതും ഗ്രാമീണമേഖലയിലെ കോവിഡ് വ്യാപനവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്