ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, അതിക്രമം ചെയ്യാന്‍ തോന്നുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പോസ്റ്റില്‍ വിവരിക്കുന്നത്.
എട്ടു മാര്‍ഗങ്ങളാണ് ലൈംഗികാതിക്രമം തടയാനായി പോസ്റ്റിലുള്ളത്. രാത്രി തനിയെയോ കൂട്ടമായോ നടക്കുമ്പോള്‍ ആരെയും ലൈംഗീകമായി ആക്രമിക്കാതിരിക്കുക, മദ്യപിച്ച് നടക്കുന്ന സമയത്ത് കാമാര്‍ത്തി കൂടുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍, മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക, വീട്ടുവളപ്പില്‍ ഒരു മുള്ളുമുരിക്ക് നട്ടുവളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
ലൈംഗീകാതിക്രമം എങ്ങിനെ തടയാം.. ചില പൊടിക്കൈകള്‍
1. രാത്രി തനിയെയോ കൂട്ടമായോ നടക്കുമ്പോള്‍ ആരെയും ലൈംഗീകമായി ആക്രമിക്കാതിരിക്കുക..
2. വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.. ആരെയെങ്കിലും ബലാത്സഗം ചെയ്യാന്‍ തോന്നുന്നുവെങ്കില്‍, ‘Rapist’ എന്ന് ആലേഖനം ചെയ്യപ്പെട്ട ടീഷര്‍ട്ട്/ ഷര്‍ട്ട് ധരിച്ചു നടക്കുക. അത് കാണുമ്പോള്‍ പൊട്ടന്‍ഷ്യല്‍ ഇരകള്‍ മാറി പൊയ്‌ക്കോളും
3. സ്‌കൂട്ടറിന്റെ ടയര്‍ മാറ്റാനോ, കാറിന്റെ റിപ്പയറിനോ മറ്റുള്ളവരെ സഹായിക്കുന്ന അവസരം മുതലെടുത്ത് അവരെ ലൈംഗീകമായി ആക്രമിക്കാതിരിക്കുക
4. മദ്യപിച്ച് നടക്കുന്ന സമയത്ത് കാമാര്‍ത്തി കൂടുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍, മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക.
5. മിലിട്ടറിയിലും മറ്റുമുള്ള ബഡ്ഡി സിസ്റ്റം നടപ്പിലാക്കുക. എവിടെ ആയിരുന്നാലും ബലാത്സംഗ ചിന്തകളില്‍ നിന്ന് തന്നെ പിന്‍തിരിപ്പിക്കാന്‍ ഒരു ഗാര്‍ഡിയനെ കൂടെ കൊണ്ടു നടക്കുക!
6. ഒരു വിസില്‍ കൂടെ കൊണ്ടു നടക്കുക.. കാമാര്‍ത്തി തോന്നിയാല്‍ അതെടുത്ത് ശക്തിയായി ഊതുക, ഇരകള്‍ വഴിമാറി പൊയ്‌ക്കോളും..
7. CCTV Surveillance ഉള്ള സ്ഥലങ്ങളില്‍ മാത്രം ഇറങ്ങി നടക്കുക.. താന്‍ നിരീക്ഷണത്തിലാണെന്ന തോന്നല്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിലപ്പോള്‍ സഹായിച്ചേക്കും..
8. വീട്ടുവളപ്പില്‍ ഒരു മുള്ളുമുരിക്ക് നട്ടുവളര്‍ത്തുക..
ഓക്കെ തെങ്ക്‌സ്