ടിക് ടോക്ക് കാമുകനെ കണ്ടെത്താന്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം തൃശൂരില്‍

തൃശൂര്‍: ടിക് ടോക്ക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ വേഷം മാറി എത്തിയ യുവതിയെ തട്ടിപ്പികാരിയെന്ന് കരുതി നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തൃശൂര്‍ ചേലക്കരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനെ തേടി പര്‍ദ ധരിച്ച് പങ്ങാരപ്പിള്ളിയിലെത്തിയ യുവതിയ യുവതിയെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരിന്നു.

തൊടുപുഴ സ്വദേശിനിയായ ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്‌ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. യുവതിയുടെ കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നിയ വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സര്‍വേ നടത്താന്‍ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു. ആളില്ലാത്ത വീടുകളില്‍ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനാണ് ഇവരെത്തിയതെന്നു സംശയമുയര്‍ന്നതോടെയാണു പൊലീസിലേല്‍പിച്ചത്.

ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്പ് വിഫലമായി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു. വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലായത്. എന്നാല്‍ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണു യുവതി ചേലക്കരയിലെത്തിയതെന്നു പോലീസ് വ്യക്തമാക്കി.