കൊല്ലങ്കോട്: ആനമാറിയില്‍ സോപ്പുകട നടത്തുന്നതിന്റെ മറവില്‍ വന്‍തോതില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ കൊല്ലങ്കോട് പോലീസ് പിടികൂടി. ആനമാറി പാതനാറയില് തിങ്കളാഴ്ചയാണ് ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. 1850 ഡിറ്റണേറ്റര്‍, 1073 ജലാറ്റിന്‍ സ്റ്റിക്ക്, മൂന്നു ചാക്ക് വിവിധ തരം പടക്കങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സ്വകാര്യവ്യക്തിയുടെ സ്ഥാപനം വാടകയ്ക്കെടുത്തു സോപ്പുപൊടി വില്പന നടത്തുന്നതിന്റെ മറവിലാണ് സ്ഫോടകവസ്തു രഹസ്യവില്പന നടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. പോലീസ് റെയ്ഡ് മനസിലാക്കിയ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. മുന്‍പ് സ്ഫോടകവസ്തു കൈവശംവയ്ക്കാന്‍ പ്രതി ലൈസന്‍സ് നേടിയിരുന്നു.
പിന്നീട് ലൈസന്‍സ് പുതുക്കാതെതന്നെയാണ് സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നത്. അബദ്ധത്തില്‍ ഒരു തീപ്പൊരി വീണാല്‍തന്നെ പ്രദേശമാകമാനം വന്‍ദുരന്തമുണ്ടാക്കാന്‍ കഴിയുന്ന അളവിലാണ് ജലാറ്റിനും ഡിറ്റണേറ്ററും സൂക്ഷിച്ചിരുന്നത്.