കോളേജ് വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

മലപ്പുറം: കൊണ്ടോട്ടി കൊട്ടുകരയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. 21 കാരിയെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. തലനാരിഴയ്ക്കു രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കോളജിലേക്കു പോവുകയായിരുന്നു യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാള്‍ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടി.

അര്‍ധനഗ്‌നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന് വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്.

കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതന്‍ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.

വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കേസില്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News