29.1 C
Kottayam
Friday, May 3, 2024

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയിലേക്ക്

Must read

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അഞ്ച് അടികൂടി ഉയര്‍ന്നാല്‍ കോടതിയുടെ അനുവദനീയമായ 142 അടിയിലേക്ക് എത്തും. ജലനിരപ്പ് 137.5 അടി പിന്നിട്ടു. സെക്കന്‍ഡില്‍ 3380 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്‌പോള്‍ 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകല്‍ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താല്‍ ഇന്നു പകല്‍ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കേരളത്തിനുള്ള ആദ്യ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുവിച്ചിരുന്നു.

ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തുന്‌പോള്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കും.141-ല്‍ രണ്ടാമത്തെ മുന്നറിയിപ്പും 142-ല്‍ അവസാനത്തെ മുന്നറിയിപ്പും നല്‍കി വെള്ളംതുറന്നുവിടും. കേന്ദ്ര ജലകമ്മീഷന്‍ അനുവദിച്ചിരിക്കുന്നതനുസരിച്ച് തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ 142 അടിവെള്ളം സംഭരിക്കാനാകും.

സ്പില്‍വേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിന് കത്തു നല്‍കി.
തമിഴ്‌നാട് പൊതുമരാമത്തു വകുപ്പിനാണ് കത്തു നല്‍കിയത്.

തുലാവര്‍ഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല.

ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നും, ജലനിരപ്പ് താഴ്ത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നേരത്തെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. 11 മണിക്ക് വണ്ടിപ്പെരിയാറിലാണ് യോഗം ചേരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയും ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. ജലനിരപ്പ് എത്രവരെ ആകാമെന്ന് അറിയാക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എഞ്ചിനീയര്‍മാര്‍, കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week