ഡബ്യൂ സി സിയിലെ അംഗങ്ങള്‍ പോലും സഹ താരങ്ങളെ സ്വന്തം കാരവനില്‍ കയറ്റില്ല: സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് അംഗത്വം എടുത്താല്‍ മാത്രമേ ഇടപെടൂ എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും സാന്ദ്ര തോമസ്
കൊച്ചി:സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പല താരങ്ങളും അവര്‍ ഉപയോഗിക്കുന്ന കാരവനില്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ കയറ്റില്ലെന്ന് തുറന്ന് പറയുകയാണ് അഭിനയിത്രിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഡബ്ല്യുസിസി അടക്കമുള്ള സംഘടനയിലെ ആളുകള്‍ പോലും ഇങ്ങനെ ചെയ്യാറുണ്ട്.
ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും, ആര്‍ട്ടിസ്റ്റുകള്‍ ആണ് എന്ന് പലരും മറന്നുപോകുന്നുണ്ട്. പണ്ടത്തെ ഷൂട്ടിംഗ് സെറ്റുകള്‍ പോലെയല്ല ഇപ്പോഴത്തേത്. പണ്ട് എല്ലാവരും ഒരുപോലെയായിരുന്നു എല്ലാവര്‍ക്കും തമ്മില്‍ നല്ലൊരു ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ലൊക്കേഷനുകളും താരങ്ങളും അങ്ങനെ അല്ലെന്നും സാന്ദ്ര പറയുന്നു.
ഡബ്ലൂ സി സിക്കുള്ളില്‍ എന്തൊക്കെ പ്രശ്‌നമുണ്ടെന്ന് അന്വേഷിക്കാന്‍ ഞാന്‍ പോയിട്ടില്ല. പക്ഷേ അതില്‍ പലരും ചരട് വലിയുടെ ഭാഗമായിട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഡബ്ല്യൂ സി സി എന്നൊക്കെ പറഞ്ഞു മാറി നിന്നാല്‍ പോലും നമ്മുടെ നിയന്ത്രണം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കരുത്. സിനിമയിലെ സ്ത്രീ സംഘടനാ എന്നു പറയുമ്പോള്‍ സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം.
എന്നാല്‍ ഒരുപാട് ആളുകള്‍ക്ക് ഈ സംഘടന കൊണ്ട് ഗുണമുണ്ടാവുകയും പല വിഷയങ്ങളിലും അവര്‍ കാര്യക്ഷമമായി ഇടപെടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മാത്രമേ അവര്‍ ഇടപെടൂ എന്നു പറയുന്നത് ശരിയല്ല. തുല്യ വേതനം പോലെയുള്ള അവര്‍ മുന്നോട്ടു ആവശ്യങ്ങളും ശരിയായി തോന്നുന്നില്ല. എങ്ങനെയാണ് എല്ലാവര്‍ക്കും തുല്യ വേതനം നടപ്പാക്കാന്‍ കഴിയുക. വാല്യു ക്രിയേറ്റ് ചെയ്തതിനുശേഷമേ കൊടുക്കാന്‍ സാധിക്കൂ.
അതുപോലെതന്നെ ഉള്ള ഒരു വിഷയമാണ് കാരവന്‍. പല ഷൂട്ടിംഗ് സെറ്റുകളിലും ഇപ്പോള്‍ മൂന്നും നാലും കാരവന്‍ ആവശ്യമാണ്. പലര്‍ക്കും ഒപ്പമുള്ള താരങ്ങളെ അവര്‍ ഉപയോഗിക്കുന്ന കാരവനില്‍ കയറ്റാന്‍ മടിയാണ്. ഇത് ഞാന്‍ പലതവണയും കണ്ടിട്ടുണ്ട്. ഡബ്ല്യുസിയില്‍ ഉള്ള താരങ്ങള്‍ പോലും സഹതാരങ്ങളെ കയറ്റില്ല. അവര്‍ക്ക് അപ്പോള്‍ ബാത്‌റൂം ഉപയോഗിക്കുകയും ചെയ്യേണ്ട? എല്ലാവരെയും മനുഷ്യരായെങ്കിലും കാണാന്‍ തയ്യാറാവണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് പലയിടത്തും വേര്‍തിരിവുണ്ട്. അവരും ആര്‍ട്ടിസ്റ്റ് അല്ലേ എന്ന് ചിന്തിക്കാറില്ല. സിനിമകളില്‍ ഒരു കാരവന്‍ ഞാന്‍ എനിക്ക് വേണ്ടി മാറ്റിവയ്ക്കും. അത് മറ്റാര്‍ക്കും ഉപയോഗിക്കാവുന്നതുമാണ്.
ഞാന്‍ സിനിമയിലേക്ക് വരുന്നത് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ്. അന്നൊക്കെ സിനിമ സെറ്റുകള്‍ വളരെ രസമാണ്. ഒഴിവു സമയങ്ങളില്‍ താരങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്നാണ് ചീട്ടു കളിക്കുകയോ വര്‍ത്തമാനം പറയുകയോ ഒക്കെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരങ്ങള്‍ക്കിടയില്‍ വളരെയേറെ അടുപ്പവും സ്‌നേഹവും നിലനിന്നിരുന്നു.
അന്ന് എല്ലാവരും വിശ്രമിക്കുന്നതും ഒരേ മുറിയില്‍ തന്നെയാവും. അവരുടെ അഭിനയത്തിലും കെമിസ്ട്രി പ്രകടമായിരുന്നു. എന്നാല്‍ ഇന്നോ? ഒരു സീന്‍ കഴിഞ്ഞാലുടന്‍ കാരവനിലേക്ക് ഓടും. ഇന്ന് താരങ്ങള്‍ക്ക് തമ്മില്‍ പണ്ട് ഉണ്ടായിരുന്നതുപോലെ ഒരു ബന്ധം നിലനില്‍ക്കുന്നില്ല. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.