കൊച്ചി:കഴിഞ്ഞ വർഷം ഒരുപക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് നടൻ ബാല ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്നാകും. കഴിഞ്ഞ വർഷം ബാലയുടെ ജീവിതത്തിൽ ഒരുപാട് സംഭവ വികാസങ്ങളുണ്ടായി. അതിൽ ഏറ്റവും നിർണായകമായ ഒന്ന് താരം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ അവസ്ഥ പെട്ടന്ന് വഷളാവുകയായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ എന്നപോലെയാണ് ബാല ആ സമയങ്ങളിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
താൻ മരിക്കുമെന്നാണ് ഏവരും വിധിയെഴുതിയിരുന്നതെന്ന് അടുത്തിടെ ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ഇപ്പോൾ താരം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞു. ബാലയുടെ ഏറ്റവും മോശം സമയത്ത് താങ്ങായി ഒപ്പം നിന്നത് ഡോക്ടർ കൂടിയായ ഭാര്യ എലിസബത്തായിരുന്നു.
ബാല ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ താരത്തിന്റെ ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചിരുന്നതും എലിസബത്തായിരുന്നു. കരൾ രോഗം മൂർച്ഛിച്ച ഇരുണ്ട കാലത്തെ കുറിച്ച് ബാല പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും എലിസബത്ത് ആ സമയങ്ങളിൽ താൻ എന്താണ് അനുഭവിച്ചിരുന്നതെന്ന് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ബാല വെന്റിലേറ്ററിലായിരുന്നപ്പോൾ താൻ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് പറയുകയാണ് എലിസബത്ത്.
ബാലയുടെ തിരിച്ചുവരവിന് പിന്നിൽ ആരും അറിയാത്ത ചില വെല്ലുവിളികൾ കൂടിയുണ്ടായിരുന്നുവെന്ന് എലിസബത്ത് ഉദയൻ പുതിയ യുട്യൂബ് വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയത്. അന്ന് ഡോക്ടർമാരെ തനിക്ക് ദൈവങ്ങളെപ്പോലെ തോന്നിയെന്നും എലിസബത്ത് പറയുന്നു.
ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ചെയ്ത വീഡിയോയിലാണ് ബാലയും താനും നേരിട്ട അധികം ആർക്കും അറിയാത്ത വെല്ലുവിളികളെ കുറിച്ച് എലിസബത്ത് വാചാലയായത്. എംബിബിഎസ് ഞാൻ സെലക്ട് ചെയ്യാൻ കാരണം എന്റെ ചേട്ടനാണ്. മൂത്ത ചേട്ടന് ചികിത്സയുടെ ഭാഗമായി ലഭിക്കുന്ന ബഹുമാനവും ആദരവ് കണ്ടാണ് ഞാൻ വളർന്നത്.
പിന്നെ മാതാപിതാക്കളും ടീച്ചേഴ്സും ദൈവത്തിന്റെ കൈകളുമെല്ലാമുണ്ട്. എല്ലാവർക്കും ഹാപ്പി ഡോക്ടേഴ്സ് ഡെ. ഡോക്ടറാണെങ്കിലും ഒരു പേഷ്യന്റിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് തുടങ്ങിയത് അന്ന് ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യേണ്ടി വന്ന സമയത്താണ്. അന്ന് ശരിക്കും പേടിച്ചുപോയി.
ഡെത്ത് സിറ്റുവേഷൻ പോലെയായിരുന്നു. ആ സമയത്ത് ഒന്നും ചിന്തിക്കാനോ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതുമായ അവസ്ഥയുണ്ടായിട്ടുണ്ട്. ഇനി എന്ത് ചെയ്യും എന്നൊക്കെ തോന്നി… പ്രാർത്ഥിച്ചു.
പിന്നെ ഒരു സമാധാനം അമൃതയിലെ ഡോക്ടേഴ്സായിരുന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്ന് ദിവസം മാത്രമെ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. അമൃതാ ആശുപത്രിയിലെ ഡോക്‌ടർമാർ എമർജൻസി സാഹചര്യത്തിൽ കൂടെ നിന്നു. ബാല ഐസിയുവിൽ വെന്റിലേറ്ററിലായി.
ബാലയെ കാണാൻ ഐസിയുവിൽ കയറിയപ്പോൾ ഒരു മെയിൻ കൺസൽട്ടന്റ് വീട്ടിൽ വിളിച്ച് ഇന്ന് വരുന്നില്ല സീരിയസ് കണ്ടീഷനാണെന്ന് പറയുന്നത് ഞാൻ കേട്ടു. പ്രധാന ഡോക്‌ടർമാർ ആരുംതന്നെ അന്ന് വീട്ടിൽ പോയിട്ടില്ല. ആശുപത്രിയിലെ ഐസിയുവിൽ എപ്പോഴും ബന്ധുക്കൾക്ക് കേറാൻ കഴിയാത്തതിനാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ബാലയുടെ പുരോഗതി എന്നെ നിരന്തരമായി അറിയിച്ച് കൊണ്ടിരുന്നു.
എന്നെ അന്ന് സമാധാനിപ്പിച്ചത് അവളായിരുന്നു. ശേഷം റിവ്യൂവിന് പോയപ്പോൾ ആ പെൺകുട്ടി ഓടിവന്ന് എന്നെ കെട്ടിപിടിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ചു.ദൈവങ്ങളെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു അത്. ആ സമയത്ത് എന്റെ കരച്ചിൽ ഏറ്റവും കൂടുതൽ കണ്ടത് അമ്മയിലെ അംഗങ്ങളായ ബാബുരാജ് സാറും സുരേഷ് കൃഷ്ണസാറുമാണ്. അവർക്ക് എന്റെ കരച്ചിൽ കണ്ട് വിഷമമായി. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ ചോദിക്കുമായിരുന്നു.
എന്നാൽ കിട്ടേണ്ടവരിൽ നിന്നും ആ സമയത്ത് ഞങ്ങൾക്ക് സപ്പോർട്ട് കിട്ടിയില്ലായിരുന്നുവെന്നും എലിസബത്ത് പറയുന്നു. തനിക്ക് പരിചയമുള്ളതും സ്വാധീനിച്ചിട്ടുള്ളതുമായ ഡോക്ടർമാരുടെയെല്ലാം പേരുകൾ എടുത്ത് പറഞ്ഞാണ് എലിസബത്ത് ഡോക്ടേഴ്സ് ഡെ ആശംസകൾ നേർന്നത്.