പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവം; എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു, പ്രതികള്‍ക്കായി അഡ്വ. ആളൂര്‍ ഹാജരാകും
പാലക്കാട്: പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമും മൂത്ത മകന്‍ റിയാസുദ്ദീനും ഒളിവിലായ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. അതേ സമയം, പ്രതികള്‍ക്കായി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ട്. ഇവര്‍ക്കായി അഡ്വക്കറ്റ് ബി.എ ആളൂര്‍ ഹാജരാകും.
ആനയെ തുരത്താന്‍ പടക്കം വെക്കാനാവാശ്യപ്പെട്ടത് എസ്റ്റേറ്റ് ഉടമ ആണെന്നാണ് വില്‍സണ്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് ഉടമമെയും മകനെയും പ്രതി ചേര്‍ത്തത്. വില്‍സണ്‍ പിടിയിലായ അന്ന് മുതല്‍ ഇരുവരും ഒളിവിലാണ്. ഇരുവരുടെയും ഫോണുകള്‍ ഇപ്പോഴും ഓഫാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
മെയ് 12ന് പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാം പ്രതി വില്‍സനെതിരെ വന്യ ജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒന്‍പത്/ അമ്പത്തി ഒന്നു പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
മെയ് 27നാണ് ആന മരണപ്പെട്ടത്. 25ന് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് എന്ന സ്ഥലത്താണ് സംഭവം നടന്നത്. പോസ്റ്റ്മാര്‍ട്ടത്തിലാണ് ആന ഗര്‍ഭിണി ആയിരുന്നു എന്ന് കണ്ടെത്തിയത്.