നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറിയായി സി.പി.ഐ പട്ടണക്കാട് ലോക്കല്‍ കമ്മറ്റി ഓഫീസ്
പട്ടണക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസിനെതിരെ സമൂഹത്തിന്റെ നിരവധി കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിന്നു. വീട്ടില്‍ ടി.വിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികള്‍ എങ്ങനെ ക്ലാസില്‍ പങ്കെടുക്കുമെന്നതായിരിന്നു പ്രധാനമായി ഉയര്‍ന്നു വന്ന ചോദ്യം. അതിനിടെ ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ട്ടി ഓഫീസ് തന്നെ പഠനമുറിയാക്കി നല്‍കി മാതൃകയായിരിക്കുകയാണ് സി.പി.ഐ പട്ടണക്കാട് ലോക്കല്‍ കമ്മറ്റിയും എ.ഐ.വൈ.എഫ് പട്ടണക്കാട് മേഖലാ കമ്മറ്റിയും ചേര്‍ന്ന്.
എ.ഐ.വൈ.എഫ് പട്ടണക്കാട് മേഖല കമ്മിറ്റിയാണ് ടി.വിയും സ്മാര്‍ട്ട് ഫോണും ഡിജിറ്റല്‍ കണക്ഷനുമില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പൊന്നാംവെളിയിലെ പാര്‍ട്ടി ഓഫീസ് സ്മാര്‍ട്ട് ക്ലാസ് റൂം ആയി മാറ്റാമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. ഈ തീരുമാനത്തിന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗികാരം നല്‍കുകയും ഓഫീസ് പഠനമുറിയാക്കുവാന്‍ തീരുമാനിക്കുകയുമായിരിന്നു. ആലപ്പുഴ ജില്ലയില്‍ തന്നെ ഒരു പാര്‍ട്ടി ഓഫീസ് പഠനമുറിയാവുന്നത് ആദ്യമായാണ്.
വിക്ടേഴ്സ് ചാനല്‍ വഴിയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും യൂട്യൂബ് വഴിയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ പുരോഗമിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസുകള്‍. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്.