ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകും; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകാനിരിക്കുന്നതേയുള്ളൂവെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കൊറോണയെ പ്രതിരോധിക്കാന്‍ സഹായിച്ചില്ലെന്നും രാജ്യത്ത് വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താന്‍ പോകുന്നതേയുള്ളൂ. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത കാലയളവിലാകും കൊവിഡ് വ്യാപനം രൂക്ഷമാകുക. രാജ്യത്തെ ജനസംഖ്യ അനുസരിച്ച് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന് നമുക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇത് പ്രതീക്ഷിച്ചതാണെന്നും രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
ഇന്ത്യയെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. എന്നാല്‍, നമുക്ക് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ഡല്‍ഹിയില്‍ പരിശോധിക്കുന്ന നാലുപേരില്‍ ഒരാള്‍ക്ക് വീതം രോഗം ബാധിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സമൂഹ വ്യാപനം കൂടുതലായി സംഭവിച്ചു എന്നാണ് കരുതേണ്ടത്. രാജ്യത്തെ 10-12 നഗരങ്ങളില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനങ്ങളില്‍ പലരും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ എടുത്തില്ല. ഉത്തരവാദിത്തതോടെ പെരുമാറുക എന്നതു പ്രധാനമാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും ഡോ. ഗുലേരിയ മുന്നറിയിപ്പ് നല്‍കി.