28.9 C
Kottayam
Wednesday, May 15, 2024

‘ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു’ വെളിപ്പെടുത്തല്‍

Must read

തിരുവനന്തപുരം: കേരള രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് വിവാദ ഇടനിലക്കാരനായ ടിജി നന്ദകുമാർ അടുത്ത കാലത്തായി നടത്തിയിരിക്കുന്നത്. ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക് പോകാന്‍ നീക്കം നടത്തിയെന്നാണ്.

ശോഭ സുരേന്ദ്രന്‍ ഇടക്കാലത്ത് ബി ജെ പി വിട്ട് സി പി എമ്മിലേക്ക് ചേക്കാറാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ടിജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എം ടിക്കറ്റില്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കാനായിരുന്നു ശോഭ സുരേന്ദ്രന്റെ നീക്കം. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും ടിജി നന്ദകുമാർ അവകാശപ്പെടുന്നു.

സി പി എം കേന്ദ്രകമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ഈ ആരോപണം കഴിഞ്ഞ ദിവസം ഇപി ജയരാജനും നിഷേധിച്ചിരുന്നു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നുവെന്നും ടിജി നന്ദകുമാർ പറഞ്ഞു.

ബി ജെ പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കായി ഇപി ജയരാജന്‍ ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ല. ശോഭ സുരേന്ദ്രനും കെ സുധാകരനുമായി കൂട്ടുകെട്ടുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവർ പറയുന്ന കാര്യങ്ങളെ തെളിവ് സഹിതം ശോഭ സുരേന്ദ്രനെ നേരിടാന്‍ തയ്യാറാണെന്നും നന്ദകുമാർ പറഞ്ഞു.

ഇപി ജയരാജന്‍ ബി ജെ പിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ അവകാശപ്പെടുന്നു. ടിജി നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം ദില്ലിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോള്‍ ഇപിയുടെ തീരുമാനം മാറ്റി. പിണറായിയുടേത് ആയിരുന്നു ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week