ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച് ആനപ്രേമികള്‍ പ്രതിഷേധിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തിയ ശേഷമല്ലാതെ ആനയെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പാപ്പാന്‍മാരുടൈ ക്രൂര പീഢനം മൂലമാണ് ആനയുടെ ആരോഗ്യ സ്ഥിതി മോശമായതെന്ന് നേരത്തെ മുതല്‍ നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ആനയായ അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകള്‍ക്ക് തിടംമ്പേറ്റുന്നത് വിജയകൃഷ്ണനാണ്. 2010-ല്‍ തൃശ്ശൂര്‍ പൂരത്തിലും വിജയകൃഷ്ണനെ എഴുന്നള്ളിച്ചിരുന്നു.
കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാന്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നല്‍കാതെ പത്തനംതിട്ട ത്രിക്കോവില്‍ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മര്‍ദ്ദിച്ച പാപ്പാന്‍ പ്രദീപ് പോലിസ് കസ്റ്റഡിയിലാണ്.അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു തിരികെ അമ്പലപ്പുഴയില്‍ എത്തിച്ചത്.
ആനയുടെ നടക്കാണ് നീരുണ്ടായിരുന്നത്. ഇത് ശരീരത്തെ മുഴുവനായി ബാധിച്ചിരുന്നു. ഇത് മൂലം ആന വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലടക്കം തിടമ്പാനയായി ഏഴുന്നള്ളിക്കുന്ന വിജയകൃഷ്ണ്‍ ഇത്തവണത്ത സീസണ്‍ ആരംഭിച്ചപ്പോഴും വയ്യാതെ കെട്ടും തറിയിലായിരുന്നു. ദേവസ്വം ബോര്‍ഡിനും വിജയകൃഷ്ണന്റെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.