32.8 C
Kottayam
Friday, March 29, 2024

സ്കൂൾ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

Must read

ദോഹ:  ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെയാണ് കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷിൻറെ മകൾ മിൻസ സ്കൂൾ അടച്ചിട്ട സ്കൂൾ ബസിനുള്ള ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. അൽ വക്രയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം. 

ദോഹയിലെ ഇന്ത്യൻ എംബസിയുടെയും ഖത്തറിലെ ഇന്ത്യൻ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരു മാസം മുന്പ് സ്കൂൾ അവധി സമയത്ത് നാട്ടിൽ വന്നു പോയ മിൻസയുടെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോട്ടയം ചിങ്ങവനത്തെ ബന്ധുക്കൾ.

രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. മാതാപിതാക്കളുടെ പരാതിയിൽ സ്കൂൾ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സൂചനകൾ. അതേസമയം സംഭവത്തിൽ കുറ്റക്കാരായവര്‍ക്ക് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week