28.4 C
Kottayam
Monday, April 29, 2024

റഷ്യയ്ക്ക് തിരിച്ചടി,ഹര്‍കീവ് തിരിച്ചുപിടിച്ച് യുക്രൈന്‍ സേന,ഞെട്ടിത്തരിച്ച് പുടിന്‍

Must read

ഹർകീവ് (യുക്രെയ്ൻ): കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കൻ മേഖലയായ ഹർകീവിൽ നിന്ന് യുക്രെയ്ൻ സൈന്യം റഷ്യയെ അതിർത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച ഹർകീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത് രാജ്യത്ത് ആവേശം പടർത്തി. കഴിഞ്ഞ ഒരു ദിവസം മാത്രം 20  ജനവാസകേന്ദ്രങ്ങൾ മോചിപ്പിച്ചതായി യുക്രെയ്ൻ സേനാ മേധാവി അറിയിച്ചു. 

യുക്രെയ്ൻ മുന്നേറ്റം സമ്മതിച്ച റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് അറിയിച്ചു. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യൻ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണ് സൂചന. ഇതു ശരിവയ്ക്കുന്നതാണ് സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയിലെ യുദ്ധവിദഗ്ധരും വ്ലോഗർമാരും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിമർശനങ്ങൾ.

 

രാജ്യത്തിന്റെ തെക്കൻ മേഖലയായ ഖേർസനിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 500 ചതുരശ്ര കിലോമീറ്റർ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു. മൊത്തം 3000 ചതുരശ്ര കിലോമീറ്റർ വിമുക്തമാക്കിയെന്നാണ് യുക്രെയ്ൻ ചീഫ് കമാൻഡർ വലേരി സനൂഷ്നി വ്യക്തമാക്കുന്നത്. ഏപ്രിൽ മുതലുള്ള കാലയളവിൽ റഷ്യ പിടിച്ചെടുത്ത സ്ഥലത്തേക്കാൾ കൂടുതലാണിത്. ആയുധങ്ങൾ ഉപേക്ഷിച്ച് സൈക്കിളുകൾ മോഷ്ടിച്ച് നാട്ടുകാരുടെ വേഷത്തിൽ റഷ്യൻ സൈനികർ രക്ഷപ്പെടുന്നതായാണ് തദ്ദേശവാസികൾ പറയുന്നത്.

 

അതേസമയം, മറ്റു പല മേഖലകളിലും റഷ്യ നടത്തിയ ആക്രമണങ്ങളിലായി 4 പേർ കൊല്ലപ്പെട്ടു. ഇതുവരെ 5767 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയത്. യുക്രെയ്നിന്റെ മുന്നേറ്റം പരിഗണിച്ച് ഹർകീവ് മേഖലയിലെ മുഴുവൻ സൈന്യത്തെയും റഷ്യ പിൻവലിക്കാൻ സാധ്യതയുണ്ടെന്നും ഖേർസൻ മേഖലയിലും അധിനിവേശ സൈന്യം വെള്ളംകുടിക്കുകയാണെന്നും ബ്രിട്ടിഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു.

ഞങ്ങളെ ഭയപ്പെടുത്താമെന്നും തകർക്കാമെന്നും ഇപ്പോഴും നിങ്ങൾ കരുതുന്നുണ്ടോ? ഞങ്ങളാരെന്ന് ഇതേവരെ നിങ്ങൾക്ക് മനസ്സിലായില്ലേ?’ യുക്രെയ്നിന്റെ ആവേശം മുഴുവൻ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ വാക്കുകൾ. ശൈത്യവും പട്ടിണിയും ഇരുട്ടും ദാഹവും എല്ലാം നിങ്ങളുമായുള്ള സൗഹൃദത്തേക്കാൾ എത്രയോ ഭേദം. ചരിത്രം എല്ലാറ്റിനെയും യഥാസ്ഥാനത്ത് തിരിച്ചുവയ്ക്കും – റഷ്യയെ ഓർമിപ്പിച്ചുകൊണ്ടുള്ള സെലെൻസ്കിയുടെ സമൂഹമാധ്യമ സന്ദേശം വൈറലായി. ‘നിങ്ങൾ യഥാർഥ ഹീറോകൾ’ എന്ന് ഹർകീവ് മേയർ ഇഹോർ തെരിഖോവ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week