EntertainmentKeralaNews

‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു, വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ അമ്മയിലെ ഒരാൾപോലും പിന്തുണച്ചില്ല’അമ്മ യോഗത്തില്‍ വികാരധീനനായി ഇടവേള ബാബു

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വളഞ്ഞിട്ടുള്ള ആക്രമണം നടന്നപ്പോൾ താരസംഘടനയായ ‘അമ്മ’യിലെ ഒരാൾപോലും തനിക്ക് പിന്തുണ തന്നില്ലെന്ന് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നെന്നും ഇടവേള ബാബു പറഞ്ഞു.

വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയെന്ന് സംഘടനയുടെ വാർഷിക ജനറൽ ബോഡിയിൽ സംസാരിക്കവേ ഇടവേള ബാബു പറഞ്ഞു. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾപോലും അതിനു മറുപടിപറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു.

തനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണെന്ന് ഇടവേള ബാബു ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം ഒൻപതു വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് തന്റെ ഉപയോഗത്തിന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

‘‘ഞാൻ കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവെച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്. ഞാൻ പദവിയിലിരുന്നപ്പോൾ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിങ് മുടങ്ങിയിട്ടില്ല. നിർമാതാക്കളും അഭിനേതാക്കളുമായി തർക്കങ്ങളുണ്ടാകുമ്പോൾ സിനിമ നിർത്തിവയ്ക്കരുത് എന്നാണ് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളത്’’, ഇടവേള ബാബു പറഞ്ഞു.

സിദ്ദിഖ് ആണ് ഇടവേള ബാബുവിന്റെ പിൻ​ഗാമിയായ പുതിയ ജനറൽ സെക്രട്ടറി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഞായറാഴ്ച നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker