EntertainmentKeralaNews

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരേ ഇഡി അന്വേഷണം;ഷോൺ ആന്റണിയെ ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.

അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ വക്കാലത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഭിഭാഷകന്‍ ഒഴിഞ്ഞത്. തുടര്‍ന്ന് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂണ്‍ 12-ന് പരിഗണിക്കാന്‍ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പുനല്‍കുകയും ചെയ്തു.

ഹര്‍ജി തീര്‍പ്പാക്കാനിരിക്കെയാണ് അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞത്. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളോട് ഹര്‍ജിക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകന്‍ പിന്മാറിയതെന്നാണ് സൂചന. വഞ്ചനക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker