ന്യൂഡൽഹി: മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കോഴിക്കോടാണോ എന്ന ചോദ്യത്തിന്, അതൊക്കെ മുഖ്യമന്ത്രിക്ക് അറിയാം എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും കൂട്ടിച്ചേർത്തു. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവിൽ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാൽ എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രദേശവാസികൾ വൻ തോതിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.