KeralaNews

ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല,മോശം പെരുമാറ്റത്തിൽ മനം മടുത്തു; അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങി

ഷിരൂര്‍ (കര്‍ണാടക): മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് പിന്മാറി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ചത്.

മോശമായ ഫോണ്‍ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്നതരത്തില്‍ സംസാരിച്ചുവെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല ഞാന്‍ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു.

ഡ്രജ്ഡര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനമല്ല ഉണ്ടായത്. 15 ദിവസം ദൗത്യത്തിന്റെ ഭാഗമായതിനാല്‍ ഏത് സ്ഥലത്ത് തിരച്ചില്‍ നടത്തണമെന്ന ധാരണയുണ്ട്. അതിന് തടസംനിന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. തത്കാലം വീട്ടിലേക്ക് പോകുന്നു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അര്‍ജുൻ്റെ അമ്മ അടക്കമുള്ളവരോട് മാപ്പു പറയുന്നു – ഈശ്വര്‍ മാല്‍പെ പറഞ്ഞു. എംഎല്‍എ മാത്രമാണ് പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ ശനിയാഴ്ച ഗംഗാവലി പുഴയില്‍ നടന്ന തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇവ പുറത്തെടുത്ത് പരിശോധിച്ചതില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ഭാഗങ്ങളല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. ഒമ്പതുമണിക്കൂര്‍നീണ്ട തിരച്ചിലിനിടെ രണ്ടു ടയറുകളും ലോറിയുടെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഡ്രെഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചിരുന്നു.

മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചില്‍ നടന്നത്. എട്ടുതവണയിലേറെ മുങ്ങിയ മാല്‍പെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ഡ്രെഡ്ജറിലെ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി പുറത്തെടുത്തു. സ്റ്റിയറിങ്ങും ക്ലച്ചും രണ്ടു ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

നാവികസേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് തിരച്ചില്‍ നടത്തിയത്. കാര്‍വാറില്‍നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. മാല്‍പെ മുങ്ങിനടത്തിയ തിരച്ചിലിന്റെ വീഡിയോകള്‍ അദ്ദേഹംതന്നെ ചിത്രീകരിക്കുകയും അത് അര്‍ജുന്റെ ബന്ധുക്കളെയും ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയുംചെയ്തു. അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥലത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker