ഡമാസ്കസ്: ഗാസയിലെ യുദ്ധത്തിനിടെ, വ്യാഴാഴ്ച പുലർച്ചെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ ആക്രമണം. സിറിയൻ സർക്കാർ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡമാസ്കസിലെ കഫർ സൂസയിലെ റസിഡൻഷ്യൽ കെട്ടിടത്തിനു സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സർക്കാർ വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. ജനവാസകേന്ദ്രത്തിലെ ആക്രമണത്തിൽ ആളപായമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സിറിയയിലെ പ്രത്യേക ആക്രമണങ്ങളെപ്പറ്റി ഇസ്രയേൽ സാധാരണ പ്രതികരിക്കാറില്ല. അതിനാൽ ഇന്നത്തെ ആക്രമണത്തിലും അഭിപ്രായപ്രകടത്തിനു സാധ്യതയില്ലെന്നാണു നിഗമനം. സിറിയയിൽ, ഇറാൻ ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരെ വർഷങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് പലസ്തീനിയൻ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷമാണ് ഇസ്രയേൽ ഇവിടെ തിരിച്ചടി ശക്തമാക്കിയത്.
തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായിടത്ത് നിന്നും ഉച്ചത്തിലുള്ള സ്ഫോടന ശബ്ദമുണ്ടായതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭീകരാക്രമണമുണ്ടായതായി തുർക്കി സർക്കാർ സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യമന്തര മന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് തുർക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്