തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനറായി ചുമതലയേറ്റെടുത്തിന് പിന്നാലെ മുസ്ലിം ലീഗിനെ ഇടതുപാളയത്തിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയില്‍ ഇപി ജയരാജന്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെ ഇപി ജയരാജന് തന്നെ തന്റെ വാക്കുകള്‍ തിരുത്തേണ്ടിയും വന്നു. മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കും.
മുന്നണി വിപുലീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പ്പോള്‍ ആരും പ്രതീക്ഷിക്കാത്ത പലരും ഇടതുമുന്നണിയിലേക്ക് വന്നേക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പികെ കുഞ്ഞാലിക്കുട്ടി കിങ് മേക്കറാണെന്ന ഒരു പ്രയോഗം കൂടി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ജയരാജന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയേറില്‍ നിന്ന് വരെ വിര്‍മശനം ഉയര്‍ന്നു. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളില്‍ ശ്രദ്ധ വേണമെന്നും സെക്രട്ടറിയേറ്റ് യോഗം ജയരാജനോട് നിര്‍ദേശിക്കുകയും ചെയ്തു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നുമായിരുന്നു ഇപി ജയരാജന്റെ വിശദീകരണം.
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിന്റെ വിവാദങ്ങള്‍ തല്‍ക്കാലം അവിടം കൊണ്ട് അടങ്ങിയെങ്കിലും ഇപ്പോഴിതാ ആര്‍ എസ് പിക്ക് മുന്നില്‍ ഇടത് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ് എല്‍ ഡി എഫ് കണ്‍വീനര്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍ എസ് പിയുടെ കാര്യത്തിലുള്ള മുന്നണി നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
‘കോണ്‍ഗ്രസിന്റെ തകര്‍ച്ച തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന ഭയപ്പാടിലാണ് യുഡിഎഫിലെ ഘടകകക്ഷികള്‍. ആര്‍ എസ് പിയെപ്പോലുള്ള പാര്‍ടികളെ കോണ്‍ഗ്രസ് ഒന്നുമല്ലാതാക്കി. ഒരു കഷണമായിത്തീര്‍ന്ന ആര്‍ എസ് പി അവശേഷിക്കണോ’ എന്നു തീരുമാനിക്കേണ്ടത് അവരാണ്’- എന്നായിരുന്നു ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപി ജയരാജന്‍ പറഞ്ഞത്.
യു ഡി എഫ് പരിപാടികളില്‍നിന്ന് ഘടകകക്ഷി നേതാക്കള്‍ പോലും വിട്ടുനില്‍ക്കുന്ന സ്ഥിതിയാണ്. എന്നാല്‍ എല്‍ ഡി എഫില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാ കക്ഷിയും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. തൊഴിലാളികള്‍ സമരം നടത്തുന്നത് മഹാപാപമാണെന്ന കാഴ്ചപ്പാട് ഞങ്ങള്‍ക്ക് ഇല്ല. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സ്ഥാപനങ്ങള്‍ ദുര്‍ബലമാകാതിരിക്കാനും സമരം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിമുഖത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഇപി ജയരാജന്‍ നടത്തുന്നുണ്ട്. ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും പാര്‍ടി വിട്ടുപോകുകയാണ്. ഒരു ജനാധിപത്യ പാര്‍ടിയായി പ്രവര്‍ത്തിക്കണമെന്നാണ് ജി 23 നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ രണ്ടു സംസ്ഥാനത്ത് മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. ആ സര്‍ക്കാരുകളുടെ നിലനില്‍പ്പുതന്നെ ഭീഷണി നേരിടുകയാണ്.
കേരളത്തിലും കോണ്‍ഗ്രസ് നിലനില്‍പ്പ് ഭീഷണി നേരിടുന്ന അവസ്ഥയിലാണ് ഉന്നതരായ പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് പല പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. പ്രവര്‍ത്തകസമിതി അംഗം പി സി ചാക്കോയും മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷും എന്‍സിപിയിലാണ്. ഇപ്പോഴിതാ കെവി തോമസും പി ജെ കുര്യനും പുറത്തേക്കുള്ള വഴിയിലാണ്. നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസ് അണികളിലും കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.