തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു
കൊച്ചി: ഇതിഹാസ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു (John Paul Passed away). 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപയാണ് പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമെത്തിയത്. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു.
ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയിലും തുടക്കമിട്ടു. സിനിമയില്‍ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു.
മലയാളത്തില്‍ പ്രമുഖരായ ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങള്‍ക്ക് രചയിതാവായി സഹവര്‍ത്തിച്ചു. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിര്‍മ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ല്‍ ഗ്യാങ്സ്റ്റര്‍, 2017-ല്‍ സൈറാബാനു എന്നീ സിനിമകളില്‍ അഭിനേതാവായും രംഗത്തെത്തി.
മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോള്‍, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിലിം ടെക്‌നീഷ്യമാരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ് ജോണ്‍ പോള്‍.
1950-ല്‍ ഒക്ടോബര്‍ 29-ന് എറണാകുളത്ത് ജനിച്ചു. ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്റേയും മുളയരിക്കല്‍ റബേക്കയുടേയും മകനായിട്ടാണ് ജോണ്‍പോള്‍ പുതുശ്ശേരിയുടെ ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍, പാലക്കാട് ചിറ്റൂര്‍ ഗവണ്മെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ 7 വര്‍ഷക്കാലം പ്രീഡിഗ്രി, ഡിഗ്രി, തുടര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം എന്നിവ പൂര്‍ത്തിയാക്കി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ഏകദേശം പതിനൊന്ന് വര്‍ഷക്കാലം കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ തന്നെ ആനുകാലികങ്ങളിലും മറ്റുമെഴുതിത്തുടങ്ങിയ ജോണ്‍പോള്‍ മാധ്യമരംഗത്തും പ്രായോഗികപരിശീലനം നേടി. ഗ്രന്ഥശാല, സ്‌കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. പഠനകാലത്ത് തന്നെ ചില ഹ്രസ്വ സിനിമകള്‍ക്കും ഡോക്കുമെന്ററികള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി രചന നിര്‍വ്വഹിച്ചിരുന്നു. ഫോക്കസ് എന്ന പേരില്‍ മലയാളത്തിലെ ആദ്യ ലിറ്റില്‍ മാഗസിന്‍ തുടങ്ങുന്നത് ജോണ്‍പോളാണ്.
സിനിമകള്‍ക്ക് പുറമേ സ്വസ്തി, കാലത്തിനു മുന്‍പേ നടന്നവര്‍, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, എന്റെ ഭരതന്‍ തിരക്കഥകള്‍, ഒരു കടം കഥ പോലെ ഭരതന്‍, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ എം ടി ഒരു അനുയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
മാധ്യമപഠന ശാഖയില്‍ വിവിധ സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഗസ്റ്റ് ഫാക്ക്വല്‍റ്റിയായി സഹകരിക്കുന്നു. സ്മൃതിധാര, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ ഫൗണ്ടേഷന്‍, ഭരതന്‍ ഫൗണ്ടേഷന്‍, പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍, എം കെ സാനു ഫൗണ്ടേഷന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും ഇന്റര്‍നെറ്റിലെ വിവിധ സംസ്‌കാരിക സംഘടനകളിലുമൊക്കെ സജീവസാന്നിധ്യമാണ് ജോണ്‍പോള്‍.