എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ; പരാതി
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ക്യാബിന്‍ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറിയ ആള്‍ ദില്ലി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും സംഭവിക്കാതെ പുറത്ത് പോയെന്നും പരാതിക്കാരി പറയുന്നു. വളരെ മോശം അനുഭവത്തില്‍ കൂടി കടന്നുപോയിട്ടും വിമാനത്തിലെ ജീവനക്കാര്‍ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം നടന്നത്. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. ലൈറ്റുകള്‍ ഓഫായതിന് പിന്നാലെ സഹയാത്രികന്‍ തന്‍റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാന്‍റ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നെന്നാണ് പരാതി.
മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാളെന്നും കത്ത് വിശദമാക്കുന്നു. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങള്‍ സ്ത്രീയ്ക്ക് നേരെ പ്രദര്‍ശിപ്പിക്കാനും ഇയാള്‍ മടി കാണിച്ചില്ലെന്നും കത്തില്‍ പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. യാത്രക്കാരി ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറാന്‍ പോലും തയ്യാറായത്. ക്യാബിന്‍ ക്രൂ യാത്രക്കാരിക്ക് വസ്ത്രം നല്‍കിയ മൂത്രമായ സീറ്റില്‍ വയ്ക്കാന്‍ ഒരു ഷീറ്റും നല്‍കിയെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ പൊലീസിന് പരാതി കൈമാറിയെന്നും വ്യദ്ധയ്ക്ക് വേണ്ട സഹായം നൽകിയിരുന്നുവെന്നുമാണ് എയര്‍ ഇന്ത്യ മാനേജ്മെന്‍റിന്‍റെ വിശദീകരണം. സംഭവത്തില്‍ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തിയെന്നും, യാത്രക്കാരനെ നോ ഫ്ലൈ പട്ടികയിൽ പെടുത്താൻ സർക്കാരിന് ശുപാർശ നൽകിയെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു.