ശാസ്താംകോട്ട: വിനോദ യാത്രയ്ക്കിടെ ശാരീരിക അവശതകളെത്തുടർന്നു തുടർന്നു പ്ലസ്ടു വിദ്യാർഥിനികൾ ചികിത്സയിലായ സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ശാസ്താംകോട്ട ഗവ.എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളും അധ്യാപകരും ചേർന്നു കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരു, കുടക് അടക്കമുള്ള വിവിധ സ്ഥലങ്ങളെ ഉൾപ്പെടുത്തി രണ്ടു ടൂറിസ്റ്റ് ബസുകളിൽ നടത്തിയ യാത്രയിലാണു സംഭവം.
യാത്രയ്ക്കിടയിൽ വയ്യാതായപ്പോൾ ഒരു പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. തിരിച്ചെത്തുന്നതിനിടെ അബോധാവസ്ഥയിലായ മറ്റൊരു പെൺകുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
യാത്രയ്ക്കിടെ പുറത്തു നിന്നു കഴിച്ച മഷ്റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലർന്നിരുന്നതായി സംശയമുണ്ടെന്നും ഇതാണ് ബുദ്ധിമുട്ടിനു കാരണമായതുമെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ വിദ്യാർഥിനികൾ ഭക്ഷ്യവിഷബാധ കാരണമാണു ചികിത്സ തേടിയതെന്നും മറിച്ചുള്ള പരാതികളിൽ അടിസ്ഥാനമില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.