24.8 C
Kottayam
Wednesday, May 15, 2024

ഡോളർ കടത്തു കേസ്: എം ശിവശങ്കർ ആറാം പ്രതി, ‘സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയത് ശിവശങ്കറിന്റെ പണം’ഇന്റലിജൻസ് വിവരങ്ങളും കൈമാറിയെന്ന് കുറ്റപത്രം

Must read

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന്‌ കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഡോളര്‍ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ ആറുപ്രതികളാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, എം.ശിവശങ്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസില്‍ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കസ്റ്റംസിന്റെ കുറ്റപത്രത്തിലെ മിക്കഭാഗങ്ങളിലും ശിവശങ്കറിനെതിരെയുള്ള കണ്ടെത്തലുകളാണ് പരാമര്‍ശിച്ചിരിക്കുന്നത്. എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷന്‍ കരാറിലെ വഴിവിട്ടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ശിവശങ്കറായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാര്‍ യൂണിടാക്കിന് നല്‍കിയത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കര്‍ സ്വപ്‌നയെയും സരിത്തിനെയും പലവട്ടം അറിയിച്ചെന്നുള്ളതാണ് കുറ്റപത്രത്തിലെ മറ്റൊരു ഗുരുതരമായ കണ്ടെത്തല്‍. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് ശിവശങ്കര്‍ വിവരം കൈമാറിയിരുന്നത്.

ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാന്‍ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി വാട്‌സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്. 2017-ല്‍ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകള്‍ കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ഈ മൊഴികളാണ് സ്വപ്‌ന അടുത്തിടെ പുറത്തുവിട്ടത്. പല രാഷ്ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week