33.9 C
Kottayam
Monday, April 29, 2024

ആർ.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്,ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി നടപടി

Must read

ചെന്നൈ: ആർ.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി.റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി പൊലീസിന് നൽകിയ അനുമതിയാണ് നിഷേധിച്ചത്. ട്രിച്ചി ഉള്‍പ്പെടെ 50 ഇടങ്ങളിലാണ് ആര്‍.എസ്.എസ് റാലി പ്രഖ്യാപിച്ചത്.

ആര്‍.എസ്.എസ് റാലിക്കെതിരെ വിടുതലൈ ചിരുതൈ മക്കള്‍ കക്ഷിയും ഇടതുപാര്‍ട്ടികളും ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റാലി നിരോധിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി രംഗത്തെത്തിയിരുന്നു.

അതേസമയം, അനുമതി നിഷേധിച്ചതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചു. റാലിക്ക് അനുമതി നൽകാൻ നേരത്തെ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു.

കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസിന്റെ വക്കീൽ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചത്.

ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്റെ സെപ്തംബർ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേർക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകൾ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആർ.എസ്.എസ് അഭിഭാഷകൻ ബി രാബു മനോഹർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആർഎസ്എസ് പരിപാടികൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദേശം നൽകിയ സിംഗിൾ ജഡ്ജിയുടെ സെപ്തംബർ 22ലെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് തോൽ തിരുമാവളവൻ സമർപ്പിച്ച ഹരജികളിൽ അടിയന്തര വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷകന്റെ ആവശ്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയും ജസ്റ്റിസ് ഡി കൃഷ്ണകുമാറും അടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചു.

സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹരജിയോ അപ്പീലോ സമർപ്പിക്കാനാവില്ലെന്നും ഹരജിക്കാരന് സുപ്രിംകോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും ജഡ്ജിമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week