അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേര്‍ട്ട് മവോനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിച്ച മനുഷ്യര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍ മാസമാണ് കൊവിഡ് ബാധയുണ്ടായതായി സംശയിക്കുന്നത്. ശ്വാസ തടസം ഉള്‍പ്പെടെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമ കാര്യമാക്കിയില്ല.
തുടര്‍ന്ന് ജൂലൈ 11 ന് ബഡ്ഡി രക്തം ഛര്‍ദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. എന്നാല്‍ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ ഭയം കാരണം മൃഗഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും റോബേര്‍ട്ട് മവോനി പറഞ്ഞു. അവസാനം ഒരു ക്ലിനിക്കില്‍ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.