26.7 C
Kottayam
Friday, May 10, 2024

പത്തു മണിക്കൂറോളം ഗ്ലൗസുകള്‍ അഴിക്കാതെ കൊവിഡ് ഡ്യൂട്ടി ചെയ്ത ഒരു ഡോക്ടറുടെ കൈ ഇപ്രകാരം ആയിരിക്കും

Must read

മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുകയാണ്. ഇതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ഒരു യുവഡോക്ടര്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നീണ്ട 10 മണിക്കൂറോളം ഗ്ലൗസ് അഴിക്കാത്തതിനെ തുടര്‍ന്ന് വിറങ്ങലിച്ചു പോയ കൈയ്യുടെ ചിത്രമാണ് ഇദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. സയിദ് ഫൈസന്‍ അഹമ്മദ് എന്ന യുവ ഡോക്ടറാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഗ്ലൗസിനു പുറമെ ഒരു ഡോക്ടര്‍ തന്റെ കൊവിഡ് ഡ്യൂട്ടിയില്‍ നേരിടുന്ന പ്രതിസന്ധികളും ഇദ്ദേഹം പറയുന്നുണ്ട്. ‘ഒരു രോഗിയെ രക്ഷിക്കണോ അല്ലെങ്കില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്കൊരു തീരുമാനം എടുക്കേണ്ടി വരും,’ ഫൈസന്‍ പറയുന്നു. കൊവിഡ് പ്രതിരോധ നിര്‍ദ്ദേശ പ്രകാരം എല്ലാ അഞ്ചു മണിക്കൂര്‍ ഇടവേളകളിലും ഗ്ലൗസുകള്‍ മാറ്റണം. വാര്‍ഡില്‍ നിന്നും ഇറങ്ങി പഴയ ഗ്ലൗസുകള്‍ ഡിസ്പോസ് ചെയ്ത് കൈ സാനിറ്റൈസ് ചെയ്ത് പുതിയ ഗ്ലൗസുകള്‍ ധരിച്ച് വീണ്ടും സാനിറ്റൈസ് ചെയ്യണം. 5-7 മിനുട്ട് ഇതിനായി എടുക്കും.

‘ഒറ്റയ്ക്ക് കൊവിഡ് ഡ്യൂട്ടിയിലിരിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ഈ 7 മിനുട്ട് ലഭിക്കില്ല,’ ഡോക്ടര്‍ പറയുന്നു. ഒപ്പം ഡോക്ടര്‍, നഴ്സ്, വാര്‍ഡ് ബോയ്, ഹെല്‍പ്പര്‍ എന്നീ എല്ലാ ജോലികളും ഇദ്ദേഹം തന്നെ ചില സമയത്ത് ചെയ്യേണ്ടി വരും. അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലാണ് ഫൈസന്‍ ജോലി ചെയ്യുന്നത്.

‘ഈ രോഗം അങ്ങനെയാണ്. രോഗിയുടെ അടുത്ത് എപ്പോഴും അറ്റന്‍ഡന്‍സിനെ നില്‍പ്പിക്കാന്‍ പറ്റില്ല,’ ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ച് രോഗം ഭേദമായതാണ്. രോഗം ഭേദമായി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം കൊവിഡ് ഡ്യൂട്ടിക്ക് പ്രവേശിക്കുകയും ചെയ്തു. ഒരു സര്‍ജന്‍ സ്പെഷ്യലിസ്റ്റാണെങ്കിലും ഈ മഹാമാരി സമയത്ത് എല്ലാവരും കൊവിഡ് ഡോക്ടര്‍മാരാണന്നാണ് ഈ യുവ ഡോക്ടര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week