27.9 C
Kottayam
Sunday, May 5, 2024

മൂന്നാം വർഷം മുഖ്യമന്ത്രി,ഉപമുഖ്യമന്ത്രി, 6 പ്രധാനവകുപ്പുകൾ, ഓഫറില്‍ വഴങ്ങാതെ ഡി.കെ

Must read

ബെംഗളൂരു: കർണാടകയിൽ ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. ഡി.കെയും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോരടിക്കുന്നതാണ് ഹൈക്കമാൻഡിന് തലവേദനസൃഷ്ടിക്കുന്നത്. ഖാർഗെ, സോണിയ, രാഹുൽ എന്നിവര്‍ അടക്കമുള്ള നേതാക്കൾ അനുനയശ്രമങ്ങളുമായി ഇരുവരുമായും സംസാരിച്ചുവെങ്കിലും ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുല. ഇത് അംഗീകരിക്കാതിരുന്ന ഡി.കെയ്ക്ക് മുമ്പിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനം, ആറ് പ്രധാന വകുപ്പുകൾ അടക്കം ഡി.കെയ്ക്ക് മുമ്പിൽ നേതൃത്വം വെച്ചു. എന്നാൽ ഇതിനിടെ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്, ഈ വ്യവസ്ഥകൾ ഡി.കെ. തള്ളിക്കളഞ്ഞു എന്നാണ്. ഒരു ഉപമുഖ്യമന്ത്രി ആണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ഡി.കെ. എന്നാണ് റിപ്പോർട്ട്.

കൂടാതെ ആഭ്യന്തരം വേണമെന്നും രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന് ഡി.കെ. ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ പുറത്തുകേൾക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും പറഞ്ഞ് ഡി.കെ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.

അതേസമയം, കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം കോൺഗ്രസ് നേതൃത്വം തള്ളി. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഡി.കെയും സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച രാഹുൽ ഗാന്ധിയുമായി ഇരുവരും ചർച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നില്ല. നേതാക്കൾ എല്ലാവരും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഡി.കെ. വീണ്ടും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week