ജോസ് ബട്ലറെ ക്യാപ്റ്റനാക്കൂ: കിരീടം നേടാം,സഞ്ജുവിനെതിരെ രാജസ്ഥാന്‍ ആരാധകര്‍

ജയ്പൂർ: മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജസ്ഥാൻ റോയൽസ് മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ. അടുത്ത സീസണിലെങ്കിലും കപ്പ് വേണമെങ്കില്‍ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി ഇംഗ്ലിഷ് താരം ജോസ് ബട്‍ലറെ ക്യാപ്റ്റൻസി ഏൽപിക്കണമെന്നാണു വാദം.

ഇംഗ്ലണ്ടിനായി ട്വന്റി20 ലോകകിരീടം ഉയർത്തിയ ക്യാപ്റ്റൻ ബട്‍ലറെ രാജസ്ഥാൻ ടീമിന്റെ ചുമതലയേൽപിക്കണമെന്നാണ് ആരാധകരിൽ ചിലരുടെ ആവശ്യം. 2023 സീസണില്‍ സഞ്ജുവിന്റെ കീഴില്‍ പ്ലേ ഓഫ് കടക്കാൻ രാജസ്ഥാന്‍ ബുദ്ധിമുട്ടുകയാണ്.

സഞ്ജുവിനേക്കാളും എത്രയോ മികച്ച ക്യാപ്റ്റനാണ് ബട്‍ലറെന്നും ചിലർ വാദിക്കുന്നു. എന്നാൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിട്ടില്ല. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ കീഴടക്കുകയും മുംബൈ, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾ എല്ലാ മത്സരങ്ങളും തോൽക്കുകയും ചെയ്താല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം.

13 കളികളിൽനിന്ന് ആറു വിജയവും ഏഴു തോൽവികളുമായി പോയിന്റു പട്ടികയിലെ ആറാം സ്ഥാനക്കാരാണ് രാജസ്ഥാൻ. മേയ് 19നാണ് പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരം. പഞ്ചാബിനെ കീഴടക്കിയാൽ റോയല്‍സിന് 14 പോയിന്റാകും.

മേയ് 23നാണ് ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. 28നാണ് ഫൈനൽ പോരാട്ടം. സഞ്ജു സാംസണു കീഴിലാണ് കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ ഫൈനൽ വരെ മുന്നേറിയത്. ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News