KeralaNews

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആലപ്പുഴയിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മാത്രമല്ല സംസ്ഥാന വ്യാപകമായി ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്രോളിംഗ് ശക്തമാക്കാനും എല്ലാ മേഖലകളിലും വാഹനപരിശോധന ശക്തമാക്കാനും നിര്‍ദേശമുണ്ട്.

ഇതിനിടെ ആലപ്പുഴ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി രണ്ട് നേതാക്കള്‍ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബറിസ്ഥാനിയില്‍ നടക്കും. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം.

കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

അതേസമയം, ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തു. ആക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സ്. വാഹനം പോലീസ് പരിശോധിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker