ലക്ഷങ്ങളുടെ ചീട്ടുകളി സംഘം അവരെ സംരക്ഷിക്കാൻ ഗുണ്ടാനേതാവും പോലീസും;ചങ്ങനാശ്ശേരി DYSP ക്കും ബന്ധം അച്ചടക്ക നടപടിയ്ക്ക് ശുപാർശ
തിരുവനന്തപുരം: പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായി ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ ഉൾപ്പെടെ നാല് പോലീസുകാർക്ക് ബന്ധമെന്ന് കണ്ടെത്തൽ. ഡിവൈ.എസ്.പി.ക്കെതിരേ നടപടിക്ക് ശുപാർശചെയ്ത് ദക്ഷിണമേഖലാ ഐ.ജി. പി.പ്രകാശ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പോലീസ് രഹസ്യങ്ങൾ ചോർത്തി നൽകി ഗുണ്ടകളിൽനിന്ന് പണം വാങ്ങിയെന്നും അവരുമായി വഴിവിട്ട ബന്ധങ്ങൾ സൂക്ഷിച്ചെന്നുമാണ് കണ്ടെത്തൽ.
കോട്ടയത്ത് ഒട്ടേറെ കേസുകളിൽ പ്രതിയായ അരുൺ ഗോപനുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്. സൈബർ സെൽ സി.ഐ. എം.ജെ.അരുൺ, ഡി.സി.ആർ.ബി. എ.എസ്.ഐ. അരുൺകുമാർ,സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. പി.എൻ.മനോജ് എന്നിവർക്കും ബന്ധമുണ്ടെന്നും കണ്ടെത്തി. ഇവർക്കെതിരേ തുടരന്വേഷണത്തിന് പാലാ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി.
അരുൺ ഗോപനെ ഒരു കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഹണി ട്രാപ്പ് കേസിലാണ് അരുൺ ഗോപൻ കുടുങ്ങിയത്. ഈ കേസിൽ രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞ അരുൺ ഗോപനെ രണ്ടുമാസം മുൻപാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ അധികാരപരിധിയിലല്ലാത്ത സ്റ്റേഷനായിട്ടും അന്നുരാത്രി ശ്രീകുമാർ അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം കോട്ടയം എസ്.പി. ഡി.ശില്പ ദക്ഷിണമേഖലാ ഐ.ജി. പി.പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം ആരംഭിക്കുകയായിരുന്നു.ഡിവൈ.എസ്.പി. സ്റ്റേഷനിലെത്തിയത് അരുൺ ഗോപനുമായുള്ള ബന്ധം മറ്റു പോലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നും കണ്ടെത്തിയിരുന്നു.
അവിശുദ്ധ കൂട്ടുകെട്ടിലേക്ക് ഇനി അന്വേഷണം
ലക്ഷങ്ങളുടെ ചീട്ടുകളിസംഘം. അവരുടെ സംരക്ഷകനായ ഗുണ്ടാനേതാവ്. മൂക്കിനുതാഴെ ചീട്ടുകളി നടക്കുന്നുവെന്ന് നടിക്കാതെ പോലീസ്‌മേധാവികൾ. ഈ മൂന്ന് കാര്യവും ഒടുവിൽ സംസ്ഥാന പോലീസ് മേധാവി ഇടപെട്ട് അന്വേഷിക്കാൻ നിർദേശിക്കുന്നു. കുടുങ്ങിയത് ഡിവൈ.എസ്.പി.യും അദ്ദേഹത്തിന്റെ കൂട്ടാളികളായ പോലീസുദ്യോഗസ്ഥരും.
ഗുണ്ടകളുമായുള്ള ഒത്തുകളിക്കെതിരേ നിരന്തരം ഡി.ജി.പി.മാർ മുന്നറിയിപ്പ് നൽകിയിരുെന്നങ്കിലും, കോട്ടയത്ത് ഈ ബന്ധം ദൃഢമായി തുടർന്നിരുന്നു.കോട്ടയം ജില്ലയിലെ അധോലോകപ്രവൃത്തികളെ നിയന്ത്രിക്കുന്ന രണ്ട് ഗുണ്ടാസംഘത്തിലൊന്നിന്റെ നായകനാണ് അരുൺ ഗോപൻ. മണർകാടിനുസമീപം നടക്കുന്ന ചീട്ടുകളിക്കും കേന്ദ്രത്തിനും സംരക്ഷണം കൊടുക്കുന്നതും ഇയാളാണ്. മാസാമാസം പോലീസിനുള്ള ‘പോക്കറ്റുമണി’ എത്തിച്ചുകൊടുക്കുന്നത് അരുണായിരുന്നു.
ഈ ഗുണ്ടാനേതാവ് കോട്ടയം ടൗണിലെ ഹണി ട്രാപ്പ് കേസിൽ പ്രതിയായിട്ടും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം നടക്കുന്നു എന്ന് പറയും. പക്ഷേ, പിടിക്കില്ല.
രണ്ടുവർഷം ഇയാൾ മഞ്ചേരിയിൽ ഒളിവിൽക്കഴിഞ്ഞു. പിടികൂടിയപ്പോൾ ഇയാൾ തന്റെ പോലീസ് ബന്ധം വെളിപ്പെടുത്തി. സ്പെഷ്യൽ ബ്രാഞ്ച് വിവരം എസ്.പി.ക്ക് കൈമാറി. ഗുണ്ടാനേതാവിനെ എസ്.പി. നേരിട്ട് ചോദ്യംചെയ്ത് മൊഴിയെടുത്തു. മുതിർന്ന പോലീസുദ്യോഗസ്ഥരെ ക്യാബിനുപുറത്തേക്ക് ഇറക്കിയശേഷമായിരുന്നു ചോദ്യംചെയ്യൽ. പോലീസിനുള്ള മാസപ്പടിവിവരം അയാൾ പറഞ്ഞു. എസ്.പി.യുടെ റിപ്പോർട്ട് ഡി.ജി.പി.ക്ക് കൈമാറി. ഇതിലാണ് ഡി.ജി.പി.ഓഫീസ് അന്വേഷണം നടത്തിയത്.
ഗുണ്ടാനേതാവിന്റെ ഫോൺവിളിപ്പട്ടിക എടുത്ത എസ്.പി.ക്ക് ബന്ധങ്ങളുടെ ചിത്രം കിട്ടിയെന്നാണ് വിവരം. ഹണി ട്രാപ്പ് കേസിൽ പോലീസും ഇയാളും നടത്തിയ ഒളിച്ചുകളി പുറത്തായി. പിടിക്കാൻ പുറപ്പെടുന്നവർതന്നെ ഇയാളെ മുൻകൂർ വിവരം അറിയിച്ചിരുന്നു.
അരുൺഗോപനെ രണ്ടുമാസം മുമ്പാണ് അറസ്റ്റുചെയ്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോൾ ആരോപണവിധേയനായ ഡിവൈ.എസ്.പി. സ്റ്റേഷനിലെത്തി. അകാരണമായിരുന്നു ആ സന്ദർശനം. സ്റ്റേഷനിൽ ഗുണ്ടാനേതാവ് ഡിവൈ.എസ്.പി.യോട് കയർത്തു. സ്റ്റേഷനിൽ എന്തെങ്കിലും പ്രകോപനം ആസമയത്ത് ഉണ്ടായിരുന്നില്ല. അസാധാരണമായ ഈ സംഭവമാണ് എസ്.പി.യുടെ ഇടപെടലിൽ കലാശിച്ചതും തുടരന്വേഷണം വന്നതും.
30 കേസിൽ പ്രതിയാണ് അരുൺഗോപൻ. ഇതരസംസ്ഥാനങ്ങളിൽനിന്ന് ലഹരികടത്താണ് ഒരു പ്രധാന കുറ്റകൃത്യം. ചിങ്ങവനത്തെ വ്യാപാരിയെ കോട്ടയത്തെത്തിച്ച് സ്ത്രീകൾക്കൊപ്പമിരുത്തി ഫോട്ടോയെടുത്ത് ഹണി ട്രാപ്പ് ഒരുക്കിയതാണ് ഏറ്റവുമൊടുവിലത്തെ പ്രധാന കേസ്. മെഡിക്കൽ കോളേജ് പരിസരത്ത് എതിർ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടിയപ്പോഴും ഇയാൾ വാർത്തകളിലെത്തിയിരുന്നു. നഗരത്തിലെ ഒരുഭാഗത്തെ ലഹരിവിതരണം ഇയാളുടെ സംഘമാണ് നടത്തുന്നത്. കാപ്പ ചുമത്തപ്പെട്ട അരുൺ ഇപ്പോൾ ജയിലിലാണ്.