25.2 C
Kottayam
Friday, May 17, 2024

‘ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി’ അന്വേഷണം വേണമെന്ന് സൂര്യ കൃഷ്ണമൂർത്തി

Must read

തിരുവനന്തപുരം:തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി. ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച ദേവിയുടെ ബന്ധുകൂടിയാണ് സൂര്യ കൃഷ്ണമൂർത്തി. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി. മൂന്നുപേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. മരിച്ച ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതായിരുന്നു. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുളളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്.” സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആര്യയെ കഴിഞ്ഞ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. മാര്‍ച്ച് മാസം 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാർച്ച് 17-നാണ്.

മാർച്ച് 28-നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു.

കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവി പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍റെ മകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week