കേരളത്തിൽ ബിജെപി മുന്നോട്ടുവരും,മോദിയുടെ വളർച്ച പ്രചോദിപ്പിച്ചു; ജയ് ശ്രീറാം തനിക്ക് രാഷ്ട്രീയ മുദ്രാവാക്യം അല്ല’
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്കൊരു ‘സോഫ്റ്റ് കോർണർ’ ഉണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. അദ്ദേഹത്തെ കറുത്ത താടിയിലും മുടിയിലും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേയ്ക്കുള്ള മോദിയുടെ വളർച്ച പ്രചോദനമായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസുതുറന്നത്.
‘കേരളത്തിൽ ഇപ്പോഴാണ് ബിജെപി പാർട്ടിയെന്ന തരത്തിൽ ഒരു സാന്നിദ്ധ്യം കാണിക്കുന്നത്. തീർച്ചയായും അവർ മുന്നോട്ട് വരും. ഭാവിയിൽ മാറ്റം വരും. കേരളത്തിലെ ജനങ്ങളാണ് അത് തീരുമാനിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിക്കുവേണ്ടിയും ജാഥ പിടിക്കാൻ ഞാൻ പോയിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്‌താവന നടത്തിയിട്ടില്ല. എന്നിട്ടും വിമർശനങ്ങൾ കേട്ടു. എന്നാൽ ഞാനിതിനൊന്നിനും ശ്രദ്ധ നൽകാറില്ല.
ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ സിനിമ വേണ്ടായിരുന്നുവെന്ന് അമ്മ ആദ്യമായി പറഞ്ഞു. നിർബന്ധിച്ച് പൊലീസിലോ സൈന്യത്തിലോ വിട്ടാൽ മതിയായിരുന്നു എന്നുവരെ അമ്മയ്ക്ക് തോന്നി. എന്നാൽ ഞാൻ നിരപരാധിയാണെന്ന് അറിയാവുന്നതിനാൽ ഞാൻ ശക്തമായി തന്നെ പിടിച്ചുനിന്നു. കേരളത്തിൽ എന്റെ സിനിമ കാണുന്ന പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.
അതുകൊണ്ടുതന്നെയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു നടനെന്ന നിലയിൽ എനിക്ക് പിടിച്ചുനൽക്കാനായത്. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ ഉപദ്രവിക്കാൻ വന്നാലും നല്ല സിനിമകൾ ചെയ്താൽ പ്രേക്ഷകർ കാണാൻ വരുമെന്ന് മനസിലായി. എനിക്ക് ഒരു ഉപദേശം നൽകാൻ പോലും ആളില്ലായിരുന്നു. എന്നിട്ടും 12 വർഷത്തോളം മലയാളം സിനിമാ ഇൻഡസ്‌ട്രിയിൽ പിടിച്ചുനിൽക്കാൻ സാധിച്ചു. രാഷ്ട്രീയവും മതവും വേറെ വേറെയാണ്. സിനിമ വേറെയാണ്.
ഞാൻ ക്രിസ്തീയ മതത്തെയും ഇസ്ളാം മതത്തെയും ബഹുമാനിക്കുന്നു. എന്നാൽ എന്റെ രാജ്യത്ത് ജയ് ശ്രീറാം പറയാൻ പാടില്ല, അമ്പലത്തിൽ പോകാൻ പാടില്ല എന്നുപറയുന്നത് അംഗീകരിക്കാനാവില്ല. ജയ് ശ്രീറാം നിങ്ങൾക്ക് രാഷ്ട്രീയ മുദ്രാവാക്യം ആയിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല’- ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.