പച്ചക്കറിവില നിയന്ത്രണം;അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധനവ് (vegetable price hike) നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. . തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.
തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.
പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.