36 C
Kottayam
Tuesday, April 23, 2024

സണ്‍റൈസേഴ്‌സിനെ ചുരുട്ടിക്കെട്ടി,ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം

Must read

ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം. ഹൈദരാബാദിനെ എട്ടുവിക്കറ്റിനാണ് ഡൽഹി തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 17.5 ഓവറിൽ വിജയത്തിലെത്തി. പുറത്താവാതെ 47 റൺസെടുത്ത ശ്രേയസ്സ് അയ്യരും 42 റൺസ് നേടിയ ശിഖർ ധവാനുമാണ് ഡൽഹിയുടെ ബാറ്റിങ്ങിന് കരുത്തേകിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹി ബൗളർമാരും ഈ വിജയത്തിൽ നിർണായക സാന്നിധ്യമായി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ ഒൻപതിന് 134. ഡൽഹി 17.5 ഓവറിൽ രണ്ടിന് 139.

ഈ വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയന്റ് നേടിക്കൊണ്ട് ഡൽഹി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എട്ടു മത്സരങ്ങളിൽ ഒരു വിജയം മാത്രം കൈമുതലായുള്ള സൺറൈസേഴ്സ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രേയസ് അയ്യർ ഫോം വീണ്ടെടുത്തത് ഡൽഹിയ്ക്ക് ആശ്വാസം പകർന്നു. 2021 ഐ.പി.എല്ലിലെ ശ്രേയസ്സിന്റെ ആദ്യ മത്സരം കൂടിയാണിത്. പരിക്കുമൂലം താരത്തിന് കഴിഞ്ഞ എട്ട് മത്സരങ്ങൾ നഷ്ടമായിരുന്നു.

135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്കോർ 20-ൽ നിൽക്കേ മൂന്നാം ഓവറിൽ ഓപ്പണർ പൃഥ്വി ഷായെ ഡൽഹിയ്ക്ക് നഷ്ടമായി. 11 റൺസെടുത്ത ഷായെ ഖലീൽ അഹമ്മദ് നായകൻ വില്യംസണിന്റെ കൈയ്യിലെത്തിച്ചു. മികച്ച ക്യാച്ചാണ് വില്യംസൺ എടുത്തത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. ഷായ്ക്ക് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. പരിക്കിൽ നിന്നും മുക്തനായ ശ്രേയസ് ഏറെ നാളുകൾക്ക് ശേഷമാണ് കളിക്കാനിറങ്ങിയത്.

ശ്രദ്ധയോടെ കളിച്ച ശ്രേയസ്സും ധവാനും ചേർന്ന് ഡൽഹി ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് ഡൽഹി നേടിയത്.
പിന്നാലെ തുടർച്ചയായി ആറു സീസണുകളിൽ 400 റൺസിലധികം റൺസ് സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡ് ധവാൻ സ്വന്തമാക്കി. ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവരാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയിട്ടുള്ളത്.

ധവാൻ അനായാസം ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ ടീം സ്കോർ കുതിച്ചു. 7.5 ഓവറിൽ ഡൽഹി 50 കടന്നു. എന്നാൽ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ പുറത്താക്കി റാഷിദ് ഖാൻ സൺറൈസേഴ്സിന് ആശ്വാസം പകർന്നു. 37 പന്തുകളിൽ നിന്ന് 42 റൺസെടുത്ത ധവാനെ അബ്ദുൾ സമദ് ക്യാച്ചെടുത്ത് പുറത്താക്കി.

ധവാന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്കോർ 100 കടത്തി. വൈകാതെ ഇരുവരും ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിച്ചു. ശ്രേയസ് 41 പന്തുകളിൽ നിന്ന് രണ്ട് വീതം ബൗണ്ടറികളുടെയും സിക്സുകളുടെയും സഹായത്തോടെ 47 റൺസെടുത്തും ഋഷഭ് പന്ത് 21 പന്തുകളിൽ നിന്ന് 35 റൺസെടുത്തും പുറത്താവാതെ നിന്നു.

സൺറൈസേഴ്സിനായി റാഷിദ് ഖാനും ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിങ് ആരംഭിച്ച സൺറൈസേഴ്സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആന്റിച്ച് നോർക്കെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സൺറൈസേഴ്സ് ഓപ്പണർ ഡേവിഡ് വാർണർ റൺസെടുക്കും മുൻപ് പുറത്തായി. നോർക്കെയുടെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച വാർണറുടെ ശ്രമം പാളി. ബാറ്റിൽ തട്ടി ഉയർന്നുപൊന്തിയ പന്ത് അക്ഷർ പട്ടേൽ അനായാസം കൈയ്യിലൊതുക്കി. മോശം ഫോം തുടരുന്ന വാർണർ ഈ മത്സരത്തിലും പരാജയമായി.

വാർണർക്ക് പകരം ക്രീസിലെത്തിയ നായകൻ കെയ്ൻ വില്യംസണെ കൂട്ടുപിടിച്ച് വൃദ്ധിമാൻ സാഹ സൺറൈസേഴ്സ് ബാറ്റിങ്ങിന് നേതൃത്വം നൽകി. നന്നായി തുടങ്ങിയ സാഹ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. കഗിസോ റബാദയുടെ ഷോർട്ട് പിച്ച് ബോൾ ആക്രമിക്കാൻ ശ്രമിച്ച സാഹയുടെ ഷോട്ട് ഉയർന്നുപൊന്തി. പന്ത് അനായാസം ശിഖർ ധവാൻ കൈയ്യിലൊതുക്കി. 17 പന്തുകളിൽ നിന്ന് 18 റൺസെടുത്ത് സാഹ പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്കോർ 29-ൽ മാത്രമാണ് എത്തിയത്.

സാഹയ്ക്ക് പകരമായി മനീഷ് പാണ്ഡെ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രമാണ് സൺറൈസേഴ്സിന് നേടാനായത്. 8.3 ഓവറിൽ ടീം സ്കോർ 50 കടന്നു. എന്നാൽ വളരെ ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ വില്യംസണെയും മനീഷിനെയും മടക്കി ഡൽഹി മത്സരത്തിൽ പിടിമുറുക്കി. വില്യംസണെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ കളഞ്ഞുകുളിച്ച ഡൽഹി ഫീൽഡർമാർ മൂന്നാം ശ്രമത്തിൽ വിജയം കണ്ടു.

അക്ഷർ പട്ടേലിന്റെ പന്തിൽ സിക്സ് നേടാനുള്ള സൺറൈസേഴ്സ് നായകന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ വെച്ച് ഷിംറോൺ ഹെറ്റ്മെയർ കൈയ്യിലൊതുക്കി. 26 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് താരം നേടിയത്. തൊട്ടുപിന്നാലെ നിലയുറപ്പിക്കാൻ ശ്രമിച്ച മനീഷ് പാണ്ഡെയെ മടക്കി റബാദ സൺറൈസേഴ്സിന് ഇരട്ട പ്രഹരമേൽപ്പിച്ചു. റബാദയെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ പാണ്ഡെയുടെ ബാറ്റിന്റെ എഡ്ജിലാണ് പന്ത് തട്ടിയത്. ഉയർന്നുപൊന്തിയ പന്ത് റബാദ തന്നെ പിടിച്ചതോടെ സൺറൈസേഴ്സ് 61 ന് നാല് എന്ന നിലയിലേക്ക് വീണു. 16 പന്തുകളിൽ നിന്ന് 17 റൺസാണ് താരം നേടിയത്. പിന്നാലെ വന്ന കേദാർ യാദവിനും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസ് മാത്രമെടുത്ത യാദവിനെ നോർക്കെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ സൺറൈസേഴ്സ് 74 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മുൻനിര ബാറ്റ്സ്മാൻമാർക്കൊന്നും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

യാദവിന് പകരം ക്രീസിലെത്തിയ ജേസൺ ഹോൾഡർ ഒരു സിക്സടിച്ച് ഫോമിലേക്ക് ഉയരുമെന്ന് തോന്നിച്ചെങ്കിലും 10 റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ പൃഥ്വി ഷായുടെ കൈയ്യിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന അബ്ദുൾ സമദ് ടീം സ്കോർ 100 കടത്തി. എന്നാൽ സ്കോർ 115-ൽ നിൽക്കേ സമദിനെ പുറത്താക്കി റബാദ തന്റെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. 21 പന്തുകളിൽ നിന്ന് 28 റൺസെടുത്ത താരത്തെ റബാദ വിക്കറ്റ് കീപ്പർ പന്തിന്റെ കൈയ്യിലെത്തിച്ചു.

വാലറ്റത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 22 റൺസെടുത്ത റാഷിദ് അവസാന ഓവറിൽ റൺഔട്ടായി. പിന്നാലെ വന്ന സന്ദീപ് ശർമയും റൺ ഔട്ട് ആയതോടെ സൺറൈസേഴ്സ് 134 റൺസിലേക്ക് ഒതുങ്ങി. ഭുവനേശ്വർ കുമാർ അഞ്ച് റൺസ് നേടി പുറത്താവാതെ നിന്നു.
ഡൽഹിയ്ക്ക് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആന്റിച്ച് നോർക്കെ, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week