CricketKeralaNewsSports

ഒരോവറിൽ 35, വെടിക്കെട്ട് നടത്തി ബുമ്ര, സെഞ്ചുറി നേടി ജഡേജ,ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

എഡ്ജ്ബാസ്റ്റണ്‍: റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജേഡജയും (104) സെഞ്ചുറി നേടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സാണ് നേടിയത്. ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടി. ഏഴിന് 338 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ഇന്ന് 78 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിചേര്‍ത്തത്. ജഡേജയുടെ സെഞ്ചുറി തന്നെയായിരുന്നു പ്രധാന സവിശേഷത. അദ്ദേത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നത്.

13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു താരം. അധികം വൈകാതെ ജഡേജയും പവലിയനില്‍ തിരിച്ചെത്തി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജസ്പ്രിത് ബുമ്ര (31), മുഹമ്മദ് സിറാജ് (2) സഖ്യമാണ് സ്‌കോര്‍ 400 കടത്തിയത്. ബ്രോഡിന്റെ ഒരു ഓവറില്‍ എക്‌സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സാണ് പിറന്നത്. രണ്ട് സിക്‌സും മൂന്ന് ഫോറും ബുമ്ര അടിച്ചെടുത്തത്. അടുത്ത ഓവറില്‍ സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

ഒന്നാംദിനം 

നേരത്തെ, അഞ്ചിന് 98 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് ജഡേജ- പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്‌സണും മാത്യു പോട്ടും ചേര്‍ന്നാണ് എറിഞ്ഞൊതുക്കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സെത്തിയപ്പോഴേക്കും 17 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ആന്‍ഡേഴ്‌സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ചു. പിന്നെ പൂജാരയുടെ ഊഴമായിരുന്നു. കൗണ്ടിയില്‍ തിളങ്ങിയ പൂജാരയെ ആന്‍ഡേഴ്‌സന്റെ സ്വിംഗ് ചതിച്ചു. 13 റണ്‍സെടുത്ത പൂജാരയും ആന്‍ഡേഴ്‌സന്റെ പന്തില്‍ സാക്ക് ക്രോളിയുടെ കൈകളിലൊതുങ്ങി. മഴയെത്തിയതിനാല്‍ നേരത്തെ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 53-2 എന്ന സ്‌കോറിലായിരുന്നു.

ലഞ്ചിനുശേഷം ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. വിരാട് കോലിയുടെ ഊഴമായിരുന്നു പിന്നീട്. പൂജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്റെ പന്തില്‍ പ്ലേയ്ഡ് ഓണായി ബൗള്‍ഡായാണ് കോലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ പക്ഷെ ആന്‍ഡേഴ്‌സണ്‍ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിന്റെ കൈകളിലെത്തിച്ചു.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തകര്‍ത്തെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാരെ കടന്നാക്രമിച്ചായിരുന്നു പന്തും ജഡേജയും തുടങ്ങിയത്. മഴക്കാര്‍ മാറി വെയില്‍ പരന്നതോടെ ബാറ്റിംഗ് അനായാസമായി. അവസരം മുതലെടുത്ത ഇരുവരും ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ ഏകദിനശൈലിയില്‍ ബാറ്റുവീശി. 51 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പന്ത് കടന്നാക്രമണവുമായി മുന്നോട്ടുപോയപ്പോല്‍ നങ്കൂരമിട്ട് ജഡേജ മികച്ച പിന്തുണ നല്‍കി. 89 പന്തില്‍ പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷം കൂടുതല്‍ അപകടകാരിയായ പന്ത് ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചിനെ നിലംതൊടാതെ പറത്തി. 9 ഓവര്‍ എറിഞ്ഞ ലീച്ച് വഴങ്ങിയത് 71 റണ്‍സാണ്. ജെയിംസ് ആന്‍ഡേഴ്‌സണെതിരെ റിവേഴ്‌സ് സ്വീപ്പ് നടത്താനും പന്ത് തയാറായി. ഇതിനിടെ 109 പന്തില്‍ ജഡേജ അര്‍ധസെഞ്ചുറിയിലെത്തി.

ജോ റൂട്ടിനെ സിക്‌സിന് പറത്തി 146 റണ്‍സിലെത്തിയ പന്ത് തൊട്ടടുത്ത പന്തിലും സിക്‌സിന് ശ്രമിച്ചെങ്കിലും എഡ്ജ് ചെയ്ത് സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. 111 പന്തില്‍ 146 റണ്‍സടിച്ചാണ് പന്ത് മടങ്ങിയത്. 98 റണ്‍സില്‍ ഒത്തുചേര്‍ന്ന പന്ത്-ജഡേജ സഖ്യം 320 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. പന്ത് മടങ്ങിയതിന് പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(1) സ്റ്റോക്‌സ് ബൗണ്‍സറില്‍ മടക്കി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളര്‍ എന്ന റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലുമായി. ഇതിന് മുന്‍പ് ബ്രെയന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), ജോര്‍ജ് ബെയ്ലി (ഓസ്ട്രേലിയ), മഹരാജ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ ഒരു ഓവറില്‍ 28 റണ്‍സ് വീതം നേടിയിട്ടുണ്ട്. പീറ്റേഴ്സണ്‍ (ദക്ഷിണാഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്സണ്‍ (ഇംഗണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്) എന്നിവരായിരുന്നു യഥാക്രമം ബോളര്‍മാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker