Featuredhome bannerHome-bannerNationalNews

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമോ? ബദൽ മാർഗം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി ∙ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ പുതിയ ചർച്ചയ്ക്കു തുടക്കമിട്ട് സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നിർദ്ദേശം.

തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ ഇനി മേയ് രണ്ടിനു തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. 

തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇൻജക്ഷൻ നൽകി കൊല, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹർജിയിൽ നിർദ്ദേശിച്ചിട്ടുള്ള ബദൽ വധശിക്ഷാ മാർഗങ്ങൾ.

അതേസമയം, ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തൂക്കിലേറ്റിയുള്ള വധശിക്ഷയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനും സന്നദ്ധമാണെന്ന് കോടതി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker