കന്നഡ നടൻ ചേതൻ കുമാര്‍ അറസ്റ്റിൽ
ബെംഗളൂരു: ഹിന്ദുത്വയെ വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശത്തിനെതിരേ കന്നഡ നടന്‍ ചേതന്‍ അഹിംസ (ചേതന്‍ കുമാര്‍) അറസ്റ്റില്‍. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി.
മാര്‍ച്ച് 20-ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്നായിരുന്നു ചേതന്‍ അഹിംസയുടെ ട്വീറ്റ്. സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്‌ജെ ഗൗഡ എന്നിങ്ങനെയുള്ള ഉദാഹരണങ്ങളും ട്വീറ്റില്‍ പറയുന്നുണ്ട്. ഹിന്ദുത്വയെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ എന്നും തുല്യത എന്നതാണ് ആ സത്യം എന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.