KeralaNews

കാട്ടാനയെ മയക്കുവെടിവെക്കും, ഉത്തരവ് ഉടനെന്ന് മന്ത്രി; കാടുകയറ്റാനുള്ള നീക്കം ഉപേക്ഷിച്ചു

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ അടിയന്തരമായി മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഒന്നര മണിക്കൂര്‍കൊണ്ട് മയക്കുവെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയും. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തി ഉത്തരവ് ഇറക്കുമെന്നും മന്ത്രി അറിയിച്ചു.

വയനാട്ടില്‍ അസാധാരണ സംഭവവികാസങ്ങള്‍ നടക്കുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. പരിഹാര നടപടി സ്വീകരിക്കാന്‍ സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിക്കുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മണിക്കൂര്‍ ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചില്ല. മനുഷ്യസഹജമായ എല്ലാം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നു. വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഇല്ല. അതിന് പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ഇല്ല, ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ട്. പ്രതിഷേധം ന്യായമാണ്. പക്ഷെ, തുടര്‍നടപടി സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. മുത്തങ്ങയിൽനിന്ന് കുങ്കി ആനകളെ എത്തിക്കാന്‍ ശ്രമം തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കുങ്കി ആനകളെ നല്‍കാമെന്ന് കര്‍ണാടക ഉറപ്പുനല്‍കിയെന്നും മന്ത്രി അറിയിച്ചു.

ആനയെ കാടുകയറ്റിയാല്‍ വീണ്ടും ഇറങ്ങിവരുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് തിരിച്ചുകയറ്റാനുള്ള നീക്കം 11 മണിയോടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ആന നിലവില്‍ നില്‍ക്കുന്നിടത്തുതന്നെ നിര്‍ത്താന്‍ വനപാലകര്‍ തീരുമാനിച്ചു. ഇവര്‍ ആനയെ നിരീക്ഷിച്ചുവരികയാണ്. ആനയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button